എരമംഗലം: വെളിയങ്കോട് അഴിമുഖത്ത് മണൽത്തിട്ട അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട പുതുപൊന്നാനിപ്പുഴയുടെ സുഗമമായ ഒഴുക്ക് വീണ്ടെടുക്കാൻ ഇറിഗേഷൻ വകുപ്പ് തീവ്രശ്രമം ആരംഭിച്ചു. നിലവിൽ കടലേറ്റം രൂക്ഷമായതിനാൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുനീക്കാൻ തടസ്സം നേരിടുന്നുണ്ട്. ഇതേത്തുടർന്ന് തൊഴിലാളികളെ നേരിട്ട് ഇറക്കിയാണ് ഇപ്പോൾ അഴിമുഖത്തുനിന്ന് മണ്ണ് നീക്കം ചെയ്യുന്നത്.
വേലിയേറ്റസമയത്ത് മണ്ണ് നീക്കുമ്പോൾ തിരമാലകൾ ഇരച്ചുകയറി വീണ്ടും മണ്ണ് മൂടുന്ന പ്രതിഭാസമാണ് ഇവിടെയുള്ളത്. ഇതിന് പരിഹാരമായി വേലിയിറക്ക സമയങ്ങൾ കൃത്യമായി നോക്കിയാണ് മണ്ണുനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാ കളക്‌ടർ ഡോ. വിനയ് ഗോയൽ പുതുപൊന്നാനി മുനമ്പം പ്രദേശം സന്ദർശിക്കുകയും മത്സ്യത്തൊഴിലാളികളിൽനിന്നും പ്രദേശവാസികളിൽനിന്നും നേരിട്ട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നത്.
കുന്നംകുളം വെട്ടിക്കടവ് മുതൽ നൂറടിത്തോട്ടിലൂടെയും നരണിപ്പുഴ, കാഞ്ഞിരമുക്ക് പുഴ, പൂക്കൈതപ്പുഴ എന്നിവിടങ്ങളിൽനിന്നെത്തുന്ന വെള്ളം പുതുപൊന്നാനിപ്പുഴയിലൂടെ ഒഴുകി വെളിയങ്കോട് അഴിമുഖം വഴിയാണ് അറബിക്കടലിൽ ചേരുന്നത്. തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി ഒഴുകുന്ന കനോലി കനാൽ പൂക്കൈതപ്പുഴയിലാണ് വന്നുചേരുന്നത്. പുഴയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനുള്ള മണ്ണുനീക്കൽ നടപടികൾക്ക് ഇറിഗേഷൻ അസിസ്റ്റൻ്റ് എൻജിനിയർ പി. ഷബീബാണ് നേതൃത്വം നൽകുന്നത്. ഈ അടിയന്തര പ്രവൃത്തികൾക്കായി സർക്കാരിൻ്റെ എമർജൻസി ഫണ്ടിൽനിന്നാണ് തുക കണ്ടെത്തുന്നതെന്ന് ഇറിഗേഷൻ അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































