താമരശ്ശേരി: ശക്തമായ മഴ തുടരുന്നതിനിടെ താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ അഞ്ചുമീറ്ററോളം നീളത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു. ഹെയർപിൻ വളവ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഗാബിയോൺ നെറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. പാതയോരത്തെ പാർശ്വഭിത്തിയോട് ചേർന്ന് റോഡിന്റെ ഒരുവശത്തായി ചിലയിടങ്ങളിൽ എഴുപത് സെന്റീമീറ്റർ വരെ ആഴത്തിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ഈ ഭാഗത്ത് പാതയോരത്തെ മരങ്ങൾ മുറിക്കുകയും മണ്ണെടുക്കുകയും ചെയ്തിരുന്നു.
മഴ ശക്തമായി തുടരുന്നതിനാൽ വിള്ളലുണ്ടായ ഭാഗത്ത് കൂടുതൽ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോഡിന്റെ വശങ്ങൾ ദുർബലമായ സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി വിള്ളൽ കണ്ട ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കുകയും വലിയ വാഹനങ്ങൾക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
വിള്ളലുകൾക്കിടയിലേക്ക് മഴവെള്ളം ഇറങ്ങി കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ കരാർ കമ്പനിയായ ചൗധരി കൺസ്ട്രക്ഷൻസിലെ തൊഴിലാളികളും ചുരം സംരക്ഷണ സമിതിയംഗങ്ങളും ചേർന്ന് ടാർപായ വിരിച്ച് അതിനു മുകളിൽ മണൽചാക്കുകൾ നിരത്തിയിട്ടുണ്ട്. നിലവിൽ വലിയ വാഹനങ്ങൾ ഒറ്റവരിയായി മാത്രമാണ് ഈ ഭാഗത്തുലൂടെ കടത്തിവിടുന്നത്. ഇത് ചുരത്തിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ സി. രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. അടിയന്തര തുടർനടപടികൾ സ്വീകരിക്കുന്നതുവരെ വലിയ വാഹനങ്ങളുടെ സഞ്ചാരം ഒറ്റവരിയായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































