മുക്കം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 108.3 കോടി രൂപ ചെലവിൽ ആരംഭിച്ച തിരുവമ്പാടി-ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നവീകരണം മന്ദഗതിയിലായതോടെ മലയോര മേഖലയിലെ യാത്രക്കാർ കടുത്ത ദുരിതത്തിൽ. നിർമാണം തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവൃത്തികൾ എങ്ങുമെത്താത്തതിനെത്തുടർന്ന് റോഡ് പൂർണമായും കുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുകയാണ്. തുരങ്കപാത നിർമാണം പുരോഗമിക്കുന്ന മറിപ്പുഴ ഭാഗത്തുനിന്ന് തിരുവമ്പാടിയിലെത്താനുള്ള ഏക ആശ്രയമായ ഈ റോഡിന്റെ തകർച്ച, മഴക്കാലത്ത് തുരങ്കപാത പ്രദേശത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തനത്തെപ്പോലും ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. റോഡിനിരുവശവും രണ്ടടിയോളം ഉയരത്തിൽ ഓവുചാലിനായി കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ചതോടെ പ്രദേശവാസികൾക്ക് വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, നാലടിയോളം ആഴത്തിൽ നിർമിച്ച ഓവുചാലുകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ സുരക്ഷാഭീഷണിയാകുന്നു.
മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പുയർന്ന് മുത്തപ്പൻപുഴ ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ആനക്കാംപൊയിൽ-പുല്ലൂരാംപാറ റോഡിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇതോടെ തിരുവമ്പാടിയിൽനിന്ന് മറിപ്പുഴയിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസ് യാത്രക്കാരെ വഴിയിലിറക്കി സർവീസ് അവസാനിപ്പിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി മുത്തപ്പൻപുഴ പാലം പുനർനിർമിക്കുന്നതിനാലാണ് താൽക്കാലികമായി ഈ ചപ്പാത്ത് പണിതത്. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതിനെത്തുടർന്ന് വീണ്ടും പുനർനിർമിച്ച ചപ്പാത്താണ് ഇപ്പോൾ വീണ്ടും മുങ്ങിയിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































