തൃശൂർ: ഒരു മാസം മുമ്പ് മണ്ണുത്തിയിൽ നാടിനെ വിറപ്പിച്ച വൻ കവർച്ചാ കേസിൽ അപകടകാരികളായ രാജസ്ഥാനി കൊള്ളസംഘത്തെ തൃശൂർ സിറ്റി പൊലീസ് കുടുക്കി. മണ്ണുത്തിയിൽ മുതിർന്ന പൗരൻ മാത്രം താമസിച്ചിരുന്ന വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം, അദ്ദേഹത്തെ കെട്ടിയിട്ട് ഭയപ്പെടുത്തി 40 പവന്റെ സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയുമാണ് കൊള്ളയടിച്ചത്. കവർച്ച കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മോഷ്ടാക്കളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതിരുന്നതോടെ, അന്വേഷണം പ്രത്യേക സ്ക്വാഡിനെ ഏൽപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്രൻ ദേശ് മുഖ് ഉത്തരവിടുകയായിരുന്നു. എ.എസ്.ഐ പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് കേസന്വേഷണം ഏറ്റെടുത്തത്.
കവർച്ച നടന്ന വീടിന്റെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ഒന്നുംതന്നെ ലഭ്യമായിരുന്നില്ല. എന്നാൽ, സംഭവത്തിന് തൊട്ടുമുമ്പ് റോഡരികിൽ ഒരു വലിയ ട്രക്ക് നിർത്തിയിട്ടിരുന്നതായും കവർച്ചയ്ക്ക് തൊട്ടുപിന്നാലെ ഇത് അവിടുന്ന് വേഗത്തിൽ എടുത്തുപോയതായും പൊലീസ് കണ്ടെത്തി. ഈ ഒരൊറ്റ സൂചന മുൻനിർത്തി നടത്തിയ അന്വേഷണം ഡൽഹിയിലെ ഒരു പ്രമുഖ ലോജിസ്റ്റിക് കമ്പനിയിലാണ് ചെന്നെത്തിയത്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എ.സികളുമായി വന്നതായിരുന്നു ഈ ട്രക്ക്. തുടർന്ന് നാഷണൽ ഹൈവേയിലെ ടോൾപ്ലാസകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സാധാരണയായി ഒരാളോ സഹായിയോ മാത്രം ഉണ്ടാകേണ്ട ലോറിയിൽ അഞ്ചുപേർ സഞ്ചരിച്ചിരുന്നതായി വ്യക്തമായി. ഇതോടെ ട്രക്ക് ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
ഡ്രൈവർ സ്വന്തം നിലയ്ക്ക് മറ്റൊരു ക്വട്ടേഷൻ കൂടി ഏറ്റെടുത്ത് രാജസ്ഥാനിൽ നിന്നുള്ള കൊള്ളസംഘത്തിന് യാത്ര ചെയ്യാൻ ലോറി വിട്ടുനൽകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കർണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ട്രക്കുകളിൽ സഞ്ചരിച്ച് കവർച്ച നടത്തി മടങ്ങുന്നതാണ് ഈ രാജസ്ഥാനി സംഘത്തിന്റെ രീതി. തുടർന്ന് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരെ മഹാരാഷ്ട്രയിൽ നിന്ന് പൊലീസ് സംഘം പിടികൂടി. മറ്റ് മൂന്നുപേർക്കായി നിലവിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ദേശീയപാതയോരത്ത് വണ്ടി നിർത്തിയിട്ട ശേഷം റോഡിന്റെ ഉള്ളിലേക്ക് നടന്ന് യാദൃച്ഛികമായാണ് ഇവർ മണ്ണുത്തിയിലെ വീട് തിരഞ്ഞെടുത്തത്. വീടിന്റെ പിൻവാതിൽ കൃത്യമായി അടയ്ക്കാതിരുന്നതിനാൽ ഇവർക്ക് അകത്തുകയറാൻ എളുപ്പമായി. കുടുംബാംഗങ്ങൾ ബന്ധുവീട്ടിൽ പോയതിനാൽ മുതിർന്ന പൗരൻ മാത്രമായിരുന്നു വീട്ടിൽ. അദ്ദേഹത്തിന്റെ കൈകൾ ബന്ധിച്ചും തുണി തിരുകിയും ഭയപ്പെടുത്തിയ ശേഷമാണ് അലമാരയിലുണ്ടായിരുന്ന സ്വർണവും പണവും കവർന്നത്. ആളുകളുള്ള വീടുകളിൽ മാത്രം കയറി, പ്രതിരോധിച്ചാൽ ആക്രമിക്കുന്ന അതിക്രൂരമായ ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നു.
കേരളത്തിൽ വന്ന് കൊള്ളയടിച്ചാൽ രക്ഷപ്പെടാനാകില്ലെന്ന് തെളിയിച്ച കവർച്ചാ സംഘത്തെ കുടുക്കിയ പൊലീസ് സംഘത്തിൽ ഒല്ലൂർ എ.സി.പി കെ.പി. തോംസൺ, മണ്ണുത്തി ഇൻസ്പെക്ടർ ജിജു സി.വി, എസ്.ഐമാരായ സി.ഡി. ഡേവിസ്, ടി.ജി. ജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.പി.അനീഷ്, വേണുഗോപാൽ, മഹേഷ് എന്നിവരും സാംഗോക്ക് ടീം അംഗങ്ങളായ എ.എസ്.ഐ. പി.കെ. പഴനിസ്വാമി, എസ്.സി.പി.ഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രദാസ്, സി. ശ്രീജിത്ത്, സി.പി.ഒമാരായ കെ.പി.സുനീബ്, റെജിൻ സി. രാജൻ, പി.ടി.സിംസൺ, പി.ജെ. നൈജോൺ, കെ. അരുൺ എന്നിവരും ഉൾപ്പെടുന്നു. പ്രതികളെ ഉടനടി വലയിലാക്കിയ പ്രത്യേക അന്വേഷണ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേകം അഭിനന്ദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































