കൊയിലാണ്ടി: നിർമാണം പാതിവഴിയിലായ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ, കുന്നോറമല വഴിയുള്ള വാഹനയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഏതുനിമിഷവും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള കൊല്ലം-കുന്നോറമല ബൈപ്പാസ് റോഡിലൂടെ നിലവിൽ ഇരുചക്രവാഹനങ്ങളും കാറുകളും കടന്നുപോകുന്നത് വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുന്നോറമല 20 മീറ്ററിലധികം താഴ്ചയിൽ കുത്തനെ മണ്ണെടുത്തുമാറ്റിയാണ് ഈ റോഡ് നിർമിച്ചത്. പെട്ടെന്ന് ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള ചേടിമണ്ണായിട്ടും യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും കരാറുകാർ സ്വീകരിച്ചിരുന്നില്ല. പിന്നീട് കുന്നിന്റെ ഇരുഭാഗങ്ങളും ഇടിയാൻ തുടങ്ങിയതോടെ പടിഞ്ഞാറ് ഭാഗത്ത് സോയിൽ നെയ്‌ലിങ് നടത്തിയെങ്കിലും വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതിനെതിരെ പരിസരവാസികൾ രംഗത്തുവന്നതോടെയാണ് പടിഞ്ഞാറ് ഭാഗത്ത് ഇപ്പോൾ 14 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണ മതിൽ നിർമിക്കാൻ തുടങ്ങിയത്. എന്നാൽ, കിഴക്കുഭാഗത്ത് ഇതുവരെ ഒരു സുരക്ഷാനടപടിയും സ്വീകരിച്ചിട്ടില്ല.
അപകടസാധ്യത മുന്നിൽക്കണ്ട് എൻ.എച്ച്.എ.ഐ. അധികൃതർ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരുന്നതാണെങ്കിലും, യാത്രക്കാർ ഇതൊന്നും വകവെക്കാതെ കനത്ത മഴയത്തും ഇതുവഴി യാത്ര തുടരുകയാണ്. തെന്നിവീഴാൻ സാധ്യതയേറെയുള്ള ഈ റോഡിൽ ഇതിനകം തന്നെ നിരവധി ഇരുചക്രവാഹന യാത്രികർക്ക് വീണു പരിക്കേറ്റിട്ടുണ്ട്. കൂടാതെ, കുന്നിനുമുകളിൽ പടിഞ്ഞാറുഭാഗത്തുള്ള 12 വീടുകൾ കടുത്ത അപകടഭീഷണിയിലാണ്. ഇതിൽ റോഡിനോട് ചേർന്നുനിൽക്കുന്ന ഒൻപത് വീടുകളിലെ ഏതാനും കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റിപ്പാർപ്പിച്ചു. കിഴക്കുഭാഗത്ത് തട്ടുതട്ടായി തിരിച്ച് മണ്ണെടുത്തുമാറ്റി സംരക്ഷണമൊരുക്കാൻ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും മഴ ശക്തമായതോടെ നിർമാണപ്രവൃത്തികൾ താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ചെങ്ങോട്ടുകാവിനും നന്തിക്കും ഇടയിലുള്ള ദേശീയപാതയിലെ കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അപകടം വകവെക്കാതെ ആളുകൾ ഈ വഴി തിരഞ്ഞെടുക്കുന്നത്. എന്നാൽ, താല്ക്കാലികമായി ഇവിടെ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും, പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി അപകടാവസ്ഥ പൂർണ്ണമായി ഇല്ലാതാക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. വർഷങ്ങൾക്കുമുമ്പ് ഇതേ പരിസരത്തുള്ള പുളിയഞ്ചേരി പുതുക്കുടിമിത്തൽ കുന്നിൽ മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒൻപത് തൊഴിലാളികൾ മരിച്ച ദുരന്തം ഓർമ്മിപ്പിച്ചുകൊണ്ട്, കുന്നോറമലയിലും അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ മറുപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































