ചെറുവണ്ണൂർ: ഏറെ പ്രതീക്ഷയോടെ തുടക്കംകുറിച്ച ചെറുവണ്ണൂർ മേൽപ്പാലം പ്രവൃത്തിയും അനുബന്ധ സർവീസ് റോഡ് നിർമാണവും അനിശ്ചിതമായി ഇഴഞ്ഞുനീങ്ങുന്നു. പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണത്തിന് വേഗം കൈവരിക്കാനാകാത്തത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. മേൽപ്പാലത്തിന്റെ 50 ശതമാനം പ്രവൃത്തികൾ പൂർത്തിയായെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാർഥ്യം ഇതിന് വിരുദ്ധമാണെന്നും പണി തീർത്തും മന്ദഗതിയിലാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. സൈറ്റിൽ മതിയായ തൊഴിലാളികളെ നിയോഗിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രമാണിച്ച് നാട്ടിൽപ്പോയ തൊഴിലാളികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും നിലവിൽ അൻപതോളംപേർ ജോലിയിലുണ്ടെന്നും കൂടുതൽ തൊഴിലാളികൾ എത്തുന്നതോടെ പണി വേഗത്തിലാക്കുമെന്നുമാണ് നിർമാണച്ചുമതലയുള്ള യു.എൽ.സി.സി. അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, ട്രാഫിക് പോലീസിൻ്റെ നിർദേശപ്രകാരം കോഴിക്കോട് ഭാഗത്തുനിന്ന് ഫറോക്കിലേക്ക് പോകാനായി താത്കാലികമായി വഴി തുറന്നുകൊടുത്തത് വലിയ ആശ്വാസമായിട്ടുണ്ട്. ചുറ്റിവളഞ്ഞുപോകുന്നത് ഒഴിവായതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ശമനമുണ്ടായി. ഇതിനൊപ്പം ബി.സി. റോഡിലേക്കുള്ള വഴിയും തുറന്നുതന്നെ നിലനിർത്തിയത് യാത്രക്കാർക്ക് ഗുണംചെയ്യുന്നുണ്ട്.
എന്നാൽ, പാലംപണി നടക്കുന്ന ഭാഗത്തെ സർവീസ് റോഡുകളിലെ കുഴികൾ അടയ്ക്കാത്തതാണ് നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി. വലിയ കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായതോടെ, വാഹനങ്ങൾ വേഗംകുറച്ചുപോകേണ്ടി വരുന്നത് വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. താത്കാലിക ആശ്വാസമെന്നോണം കുഴികളിൽ ക്വാറി വേസ്റ്റിട്ട് മൂടുന്നുണ്ടെങ്കിലും മഴപെയ്താൽ സ്ഥിതി വീണ്ടും വഷളാകുമെന്നതിനാൽ ഇവിടെ അടിയന്തരമായി റോഡ് ടാർചെയ്യണമെന്ന ആവശ്യം ശക്തമാണ്.
സിറ്റിറോഡ് ഇംപ്രൂവ്‌മെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ടാണ് 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപ്പാലം നിർമിക്കുന്നത്. 24 മീറ്റർ നീളത്തിൽ 14 സ്പാനുകളുള്ള പാലത്തിൻ്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവീസ്‌റോഡും ഒരുക്കുന്നുണ്ട്. പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കഴിഞ്ഞ മേയ് 18-നാണ് ഇതിന്റെ നിർമാണം തുടങ്ങിയത്. അതിവേഗത്തിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പാലംനിർമാണം ഇതുവരെ പകുതിപോലും ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നതാണ് വസ്തുത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































