കല്പറ്റ: മലയാളിയുടെ നിത്യോപയോഗ വിഭവമായ കോഴിയിറച്ചിക്ക് വിപണിയിൽ തീവില. നിലവിൽ കിലോയ്ക്ക് 250 മുതൽ 260 രൂപ വരെയാണ് വിപണിയിലെ വില. കഴിഞ്ഞ ഒരു മാസത്തിനിടയിൽ കോഴിത്തീറ്റയ്ക്കുണ്ടായ അനിയന്ത്രിതമായ വിലവർധനവാണ് ഈ പ്രതിസന്ധിക്ക് കാരണമായി ഫാമുടമകളും കച്ചവടക്കാരും ചൂണ്ടിക്കാണിക്കുന്നത്. ഒരു മാസത്തിനുള്ളിൽ കോഴിത്തീറ്റയുടെ 50 കിലോ അടങ്ങുന്ന ഒരു ചാക്കിന് 500 രൂപയാണ് വർധിച്ചത്. ഇതോടെ മുൻപ് 1950 രൂപയ്ക്ക് ലഭിച്ചിരുന്ന തീറ്റച്ചാക്കിന് ഇപ്പോൾ ഫാമുടമകൾ 2500 രൂപ വരെ നൽകേണ്ടി വരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഡീസൽ വില വർധിച്ചതും സോയ, ചോളം എന്നിവയുടെ ലഭ്യതക്കുറവുമാണ് തീറ്റവില ഉയരാൻ കാരണമായത്.
തീറ്റവിലയ്ക്ക് പുറമെ കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമായി വർധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് 15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 35 രൂപയാണ് വില. ഒരു കോഴിക്കുഞ്ഞ് പൂർണ്ണ വളർച്ചയെത്താൻ ശരാശരി മൂന്നരക്കിലോ തീറ്റ ആവശ്യമായിരിക്കെ, ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ഫാമുടമകളെയും ഇടനിലക്കാരെയും വില കൂട്ടാൻ നിർബന്ധിതരാക്കുകയായിരുന്നു. കേരളത്തിലേക്ക് പ്രധാനമായും കോഴികളെത്തിക്കുന്ന തമിഴ്‌നാട്ടിൽ കനത്ത ചൂടു കാരണം ഉത്പാദനം കുറഞ്ഞതും വിപണിയെ ബാധിച്ചു. ചൂട് പ്രതിരോധിക്കാനായി വലിയ ഫാമുകൾ ഉത്പാദനം കുത്തനെ കുറച്ചതും തിരിച്ചടിയായി. കൂടാതെ, തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലേക്ക് പോയ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും തിരിച്ചെത്താത്തത് പല ഫാമുകളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ കല്യാണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കുറഞ്ഞതും വിപണിയിൽ മന്ദതയുണ്ടാക്കി. തമിഴ്‌നാട്ടിലെ വൻകിട കുത്തകകൾ കേരളത്തിലെ കോഴിക്കച്ചവടത്തിന് ഭീഷണിയാകുന്നതായി ഫാമുടമകൾ ആരോപിക്കുന്നു. തമിഴ്‌നാട് സർക്കാർ അവിടെയുള്ള ഫാമുകൾക്ക് സൗജന്യ വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകുമ്പോൾ, സമാനമായ പിന്തുണ കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പ്രാദേശിക ഫാമുടമകളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































