കോഴിക്കോട് : നഗരത്തിലെ ബീച്ചിൽ കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ ഡോൾഫിനെയും കടൽപ്പന്നിയെയും (കടലേടി) ചത്ത നിലയിൽ കണ്ടെത്തി. ഇതിൽ സൗത്ത് ബീച്ചിലെ മുഖദാർ ഭാഗത്ത് കരിങ്കൽക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയ ഇരുന്നൂറ് കിലോയോളം തൂക്കമുള്ള ഹമ്പ്ബാക്ക് ഡോൾഫിന്റെ മരണം മനുഷ്യന്റെ അശ്രദ്ധ വരുത്തിവെച്ചതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കിടയിൽ ഡോൾഫിന്റെ അന്നനാളത്തിൽ രണ്ട് കിലോയോളം വരുന്ന പ്ലാസ്റ്റിക് മീൻപിടിത്ത വല കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വല കുടുങ്ങിയതുമൂലം ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ കഴിയാതെയാണ് ഡോൾഫിൻ ചരിഞ്ഞതെന്ന് ജില്ലാ മൃഗാശുപത്രി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എം. മനോജ് ലാൽ സ്ഥിരീകരിച്ചു. കടലിൽ അലക്ഷ്യമായി വലകൾ തള്ളുന്നത് ഇത്തരം കടൽജീവികളുടെ ജീവന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുമ്പോൾ, ഡോൾഫിനുകൾ സ്വയം വല കടിച്ചുമുറിക്കുന്നതാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ വാദം.
തീരത്തടിഞ്ഞ മറ്റൊന്ന് ബീച്ച് ആശുപത്രിക്ക് മുൻവശത്തുനിന്നും കണ്ടെത്തിയ അമ്പത് കിലോയോളം തൂക്കമുള്ള കടൽപ്പന്നിയാണ്. കണ്ടെത്തുമ്പോൾ തന്നെ ഇതിന്റെ തൊലിയും ആന്തരികാവയവങ്ങളും അഴുകിത്തുടങ്ങിയിരുന്നു. കൃത്യമായി ഭക്ഷണം കഴിച്ചിരുന്ന ഈ ജീവിക്ക് മറ്റെന്തോ അപകടം സംഭവിച്ചതിനെത്തുടർന്ന് ശ്വാസമെടുക്കാൻ കഴിയാതെ പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, വാച്ചർ അനീഷ്, കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































