വടകര: ദേശീയപാതയിൽ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിന് സമീപം വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞു. കിഴക്കെ വെന്തുരുത്തി ടി.കെ.വി. ബാബുവിന്റെ വീടിന് സമീപത്തെ സോയിൽ നെയിലിങ് നടത്തിയ പാർശ്വഭിത്തിയാണ് തകർന്നത്. ഈ ഭാഗത്ത് ഇത് നാലാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ഇതോടെ വലിയൊരു അപകടഭീതിയിലാണ് ബാബുവും കുടുംബവും ഈ വീട്ടിൽ കഴിയുന്നത്. മാത്രമല്ല, ഇടിഞ്ഞുവീഴുന്ന മണ്ണ് നേരെ സർവീസ് റോഡിലേക്കാണ് പതിക്കുന്നത്. ഇത് വഴിപോകുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ സുരക്ഷാഭീഷണിയായി മാറിയിരിക്കുകയാണ്.
2021-ലാണ് ഇവിടെ ആദ്യമായി മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. അന്ന് ഇടിഞ്ഞ ഭാഗം കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുകയും ഇരുമ്പുവല ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബാക്കി ഭാഗങ്ങളിൽ ഇരുമ്പുവല മാത്രമാണ് സ്ഥാപിച്ചത്. ഈ ഭാഗമാണ് പിന്നീട് തുടർച്ചയായി മൂന്ന് തവണയും ഇപ്പോൾ നാലാമതും ഇടിഞ്ഞുതാഴ്ന്നത്.
രണ്ടാമത് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ തന്നെ വീടിന്റെ അപകടാവസ്ഥ വിവരിച്ച് ബാബു ജനപ്രതിനിധികൾക്കും തഹസിൽദാർ, വില്ലേജ് ഓഫീസർ, ദേശീയപാതാ അധികൃതർ എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തവണ കാലവർഷം ആരംഭിച്ചപ്പോൾ തന്നെ ചെറിയ രീതിയിൽ മണ്ണിടിഞ്ഞപ്പോഴും പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ആരും തന്നെ സ്ഥലം വന്ന് സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് വീട്ടുടമസ്ഥൻ ആരോപിക്കുന്നു.
മഴ ശക്തമാകുന്നതിന് മുൻപ് തന്നെ അപകടം മുന്നിൽക്കണ്ട് ബാബുവും കുടുംബവും ചേർന്ന് ഈ ഭാഗം ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. എന്നാൽ കനത്ത മഴയിൽ ഇതും തകർത്ത് മണ്ണ് ഇടിയുകയായിരുന്നു. ബാക്കി ഭാഗവും ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. അടിയന്തരമായി കരിങ്കൽ ഭിത്തി കെട്ടി വീടിന് സുരക്ഷയൊരുക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. പ്രായമായ അമ്മയും ഭാര്യയും ചെറിയ കുട്ടിയുമടങ്ങുന്ന കുടുംബം മഴ കനക്കുന്ന സാഹചര്യത്തിൽ എങ്ങോട്ട് മാറുമെന്നറിയാത്ത അവസ്ഥയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































