പെരുവണ്ണാമുഴി : ചക്കിട്ടപാറ മേഖലയിലെ വിവിധ വാർഡുകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വ്യാപകമായതോടെ ശക്തമായ പ്രതിരോധ നടപടികളുമായി കൃഷിവകുപ്പ് രംഗത്തിറങ്ങി. ചക്കിട്ടപാറയിലെ 10, 11, 12 വാർഡുകളിലും ചെമ്പനോട രണ്ടാംവാർഡിലുമാണ് പ്രധാനമായും ഇവയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പ്ലാവിൽനിന്ന് ചക്കകൾ വീണുകിടക്കുന്ന സ്ഥലങ്ങളിലടക്കം ആയിരക്കണക്കിന് ഒച്ചുകളാണ് ദിവസേന പെരുകുന്നത്. ഇവ വലിയ തോതിൽ കാർഷിക വിളകളും പച്ചക്കറികളും നശിപ്പിക്കുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ അജയ് അലക്‌സ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചക്കിട്ടപാറ പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ഒച്ചുകളെ തുരത്താനുള്ള കർമ്മപദ്ധതിക്ക് രൂപംനൽകി.
ഒച്ചുകളെ ആകർഷിക്കാൻ കാബേജ്, കോളിഫ്ളവർ, പപ്പായ എന്നിവയുടെ ഇലകൾ ചെറുതായി മുറിച്ച് ചാക്കിലിട്ട് വീട്ടുപറമ്പുകളിൽ കെണിയൊരുക്കാനാണ് യോഗത്തിലെ തീരുമാനം. വെള്ളിയാഴ്‌ച മുതൽ ഒരാഴ്‌ചക്കാലം ഒച്ചുകളുള്ള എല്ലാ സ്ഥലങ്ങളിലും ഈ രീതി പരീക്ഷിച്ച് അവയെ കൂട്ടത്തോടെ നശിപ്പിക്കും. ഒപ്പം കർഷകർക്ക് പ്രതിരോധ മരുന്നായ കോപ്പർ ഓക്സി ക്ലോറൈഡ് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഒച്ചുകളെ ഒഴിവാക്കാൻ വിളകളിൽ കോപ്പർ ഓക്സി ക്ലോറൈഡ് കുമിൾ നാശിനി തളിക്കണമെന്നും, മതിൽ, മരത്തടി, ചുമർ എന്നിവിടങ്ങളിൽ കയറാതിരിക്കാൻ തുരിശ് ലായനി സ്പ്രേ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
പറമ്പുകളിലെ ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിമാറ്റി പരിസരശുചിത്വം കർശനമായി പാലിക്കാൻ നാട്ടുകാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഒച്ചുകളെ നേരിട്ട് തൊടാതെ കൈയുറകൾ ധരിച്ചശേഷം മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും നിർദേശമുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് മോളി തോമസ് ആയിത്തമറ്റം, വൈസ് പ്രസിഡൻ്റ് ജിതേഷ് മുതുകാട്, മറ്റ് പഞ്ചായത്തംഗങ്ങൾ, പെരുവണ്ണാമുഴി കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്‌ജക്‌ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യ, പേരാമ്പ്ര കൃഷി അസിസ്റ്റൻ്റ് ഡയറക്‌ടർ എം.സി. ബീന, ചക്കിട്ടപാറ കൃഷി ഓഫീസർ രശ്‌മിനായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















