കോഴിക്കോട്: കല്ലായിപ്പാലത്തിന് കിഴക്ക് എണ്ണപ്പാടത്ത് ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ബുധനാഴ്ച പുലർച്ചെ പൊളിഞ്ഞുവീണു. ഇതേത്തുടർന്ന് അപകടസാധ്യത ഒഴിവാക്കുന്നതിനായി കെട്ടിടം പൂർണ്ണമായി പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും നിരന്തരം ആശ്രയിക്കുന്ന എണ്ണപ്പാടം റോഡിലേക്കാണ് കെട്ടിടം തകർന്നുവീണത്. വൻ അപകടസാധ്യത മുൻകൂട്ടി കണ്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ നാട്ടുകാരുടെ സഹകരണത്തോടെ പോലീസ് ഈ വഴി താൽക്കാലികമായി അടച്ചിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ജില്ലാ കളക്ടർ വരെ വിഷയത്തിൽ ഇടപെട്ടിട്ടും ഉടമസ്ഥൻ കെട്ടിടം പൊളിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന്, കോർപ്പറേഷൻ നേരിട്ട് ഇത് പൊളിച്ചുനീക്കാനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനിടയിലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തനിയെ തകർന്നു വീണതെന്ന് കൗൺസിലർ ടി.പി.എം. ജിഷാൻ വ്യക്തമാക്കി. നിലവിൽ ആരും താമസിക്കാതെ ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന ഈ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൗൺസിലറുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം വാടകയ്‌ക്കെടുത്താണ് ഇപ്പോൾ പൊളിച്ചുനീക്കുന്നത്.
അതേസമയം, കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിൽ തന്നെയുള്ള അപകടാവസ്ഥയിലായ മറ്റ് പല കെട്ടിടങ്ങളുടെയും അന്തിമ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ഇത്തരത്തിൽ പൊളിച്ചുമാറ്റേണ്ട ഇരുപതിലധികം കെട്ടിടങ്ങളുടെ പ്രാഥമിക പട്ടിക കോർപ്പറേഷൻ നേരത്തെ തയ്യാറാക്കിയിരുന്നു. ഈ കെട്ടിടങ്ങളിൽ എൻ.ഐ.ടി.യുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും, പരിശോധനകൾ ആരംഭിച്ചതല്ലാതെ അന്തിമ റിപ്പോർട്ട് ഇതുവരെ കോർപ്പറേഷന് ലഭ്യമായിട്ടില്ലെന്ന് അധികൃതർ സമ്മതിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















