തിരുവനന്തപുരം: പസഫിക് സമുദ്രത്തിലെ 'എല്‍ നിനോ' പ്രതിഭാസം മൂലമുണ്ടായ മൺസൂൺ കുറവും അന്തരീക്ഷ താപനിലയിലെ വർധനവുമാണ് സംസ്ഥാനത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിന് കാരണണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയെ അറിയിച്ചു. ജൂണ്‍ 30 വരെ ഈ കടുത്ത പ്രതിസന്ധി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രികാലങ്ങളിലെ കറണ്ട് കട്ട് എത്രനാൾ തുടരേണ്ടി വരുമെന്ന വി. ജോയ് എം.എൽ.എ.യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ജൂൺ ഒന്നിന് തന്നെ മൺസൂൺ എത്തിയെങ്കിലും മഴ ശക്തിപ്പെടാത്തതിനാൽ ചൂട് കുറയാത്തതും, അതുവഴി വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവുണ്ടായതുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
വേനൽക്കാലത്തെ ക്ഷാമം പരിഹരിക്കാനായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 'സ്വാപ്പ്' കരാർ പ്രകാരം വാങ്ങിയ വൈദ്യുതി ജൂൺ 15 മുതൽ തിരികെ നൽകിത്തുടങ്ങിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഈ കരാറിൽ വീഴ്ച വരുത്താൻ സാധിക്കാത്തതിനാലാണ് വൈദ്യുതി മടക്കി നൽകുന്നത്. നിലവിൽ സംസ്ഥാനത്ത് പരമാവധി 4100 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ചൂട് കൂടിയതോടെ ഇത് 4900 മെഗാവാട്ടായി ഉയരുകയാണുണ്ടായത്. ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ പ്രതിദിനം ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്.
അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതും തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര ഉൽപാദനം (1700 MW), കേന്ദ്ര വിഹിതം (1701 MW), ദീർഘകാല കരാറുകൾ (612 MW) എന്നിവ വഴി പൂർണ്ണതോതിൽ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യത വെറും 5 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ജൂൺ 16 മുതൽ രാത്രി 9 മണിക്കും 12 മണിക്കും ഇടയിൽ വിവിധ പ്രദേശങ്ങളിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നതെന്നും നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














