കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് പരാതി. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള 149 വീടുകളുടെ നിർമാണവും അനുബന്ധ ജോലികളും പ്രതീക്ഷിച്ച വേഗത്തിൽ നടക്കുന്നില്ലെന്നും ഒക്ടോബറിലെ കാലാവധിക്കുള്ളിൽ പണി പൂർത്തിയാകുമോ എന്ന് ആശങ്കയുണ്ടെന്നും ദുരിതബാധിതർ പങ്കുവെക്കുന്നു. തൊഴിലാളികളുടെ കടുത്ത ക്ഷാമമാണ് നിർമാണത്തെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. നാട്ടിൽ പോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താത്തതും, മുൻപ് യു.എൽ.സി.സി.എസ്. എത്തിച്ചിരുന്ന അധിക തൊഴിലാളികളെ തിരികെ കൊണ്ടുപോയതുമാണ് പ്രതിസന്ധിക്ക് കാരണം. രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണൂറോളം പേർ മാത്രമാണുള്ളത്. അഞ്ചാമത്തെ സോണിലാണ് കൂടുതൽ വീടുകൾ പൂർത്തിയാകാനുള്ളത്.
ടൗൺഷിപ്പ് നിർമാണത്തിന്റെ മേൽനോട്ടത്തിനായി ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ നിയമിക്കാത്തതും മന്ദഗതിക്ക് കാരണമായി ജനകീയ കർമസമിതി ചൂണ്ടിക്കാണിക്കുന്നു. മുൻപ് ഈ പദവിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സർവേ വകുപ്പ് ഡയറക്ടറായി മാറ്റിയെങ്കിലും ടൗൺഷിപ്പിന്റെ സ്പെഷ്യൽ ഓഫീസർ ചുമതല കൂടി നൽകിയിട്ടുണ്ട്. എങ്കിലും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ തസ്തിക നിലവിൽ ഒഴിഞ്ഞുകിടക്കുന്നത് മേൽനോട്ടത്തിൽ വ്യക്തതക്കുറവുണ്ടാക്കുന്നുണ്ട്. വാടകവീടുകളിൽ കഴിയുന്നവരുടെ ദുരിതം കണക്കിലെടുത്ത് നിർമാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, നാട്ടിൽ പോയ തൊഴിലാളികൾ തിരിച്ചെത്തുന്നുണ്ടെന്നും നിലവിൽ പ്ലംബിങ്, വയറിങ് ജോലികളാണ് പുരോഗമിക്കുന്നതെന്നും യു.എൽ.സി.സി.എസ്. അധികൃതർ വ്യക്തമാക്കി.
അതേസമയം, ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ നൂറ്റമ്പതിലധികം കുടുംബങ്ങൾ ഇതിനകം താമസം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ പുതിയ വീടുകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ടൗൺഷിപ്പിൽ ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാൻ കൃത്യമായ സംവിധാനമില്ലാത്തത് ഇവിടെ താമസം തുടങ്ങിയവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയം നഗരസഭാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഫെയ്‌സ് വൺ കൂട്ടായ്‌മ ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














