പയ്യോളി: റെയിൽവേ ലൈനിലെ കമ്പികളിൽ കുരങ്ങന്മാർ കൂട്ടത്തോടെ തൂങ്ങിയാടിയതിനെത്തുടർന്ന് ഇൻസുലേറ്റർ പൊട്ടി ഒന്നേമുക്കാൽ മണിക്കൂറോളം തീവണ്ടി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പയ്യോളി കോട്ടയ്ക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽവേ ട്രാക്കിലെ വൈദ്യുത ലൈനാണ് അഞ്ചിലധികം വരുന്ന കുരങ്ങന്മാരുടെ പരാക്രമത്തിനിടയിൽ തകരാറിലായത്.
സമീപത്തെ മൂരാട് ജുമാമസ്ജിദ് മദ്രസ അധ്യാപകരായ അബ്ദുൾമജീദ് മുസ്‌ല്യാർ, ഷാഹുൽഹമീദ് മുസ്‌ല്യാർ എന്നിവരാണ് ലൈൻ പൊട്ടുന്നത് ആദ്യം കണ്ട് കോട്ടയ്ക്കൽ റെയിൽവേ ഗേറ്റിൽ വിവരമറിയിച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് കൺട്രോൾ റൂമിൽ സന്ദേശമെത്തുകയും വലിയ അപകടം ഒഴിവാക്കിക്കൊണ്ട് തീവണ്ടികൾ വടകരയിൽ പിടിച്ചിടുകയും ചെയ്തു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ, ചെന്നൈ മെയിൽ, മുംബൈ ലോകമാന്യതിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നീ പ്രമുഖ ട്രെയിനുകളെല്ലാം ഇതേത്തുടർന്ന് വഴിയിൽ കുടുങ്ങി വൈകി ഓടി. കൊയിലാണ്ടിയിൽ നിന്നെത്തിയ റെയിൽവേ സാങ്കേതികവിഭാഗം ജീവനക്കാർ വൈകീട്ട് അഞ്ചുമണിയോടെ തകരാർ താൽക്കാലികമായി പരിഹരിച്ച ശേഷമാണ് വന്ദേഭാരത് ഉൾപ്പെടെയുള്ള തീവണ്ടികൾ യാത്ര തുടർന്നത്. കൂടുതൽ വിദഗ്ധരെത്തി ലൈനിലെ തകരാർ പിന്നീട് പൂർണ്ണതോതിൽ പരിഹരിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














