കാസർകോട്: ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി സർവീസ് റോഡിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് നുള്ളിപ്പാടിയിൽ പുതിയ വഴി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്തി. കാസർകോട് ചൗക്കിക്കും വിദ്യാനഗറിനുമിടയിലുള്ള നുള്ളിപ്പാടിയിൽ പ്രവേശന വഴി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. പുതിയ വഴി തുറക്കുന്നതിലൂടെ കാസർകോട് നഗരത്തിനും വിദ്യാനഗർ സിവിൽ സ്റ്റേഷനുമിടയിലെ കടുത്ത യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസർകോട് നഗരസഭയുടെ ആവശ്യവും വിവിധ സംഘടനകളുടെ നിവേദനങ്ങളും പരിഗണിച്ചാണ് കളക്ടറുടെ അടിയന്തര ഇടപെടൽ. കല്ലട്ര മാഹിൻ എം.എൽ.എ.യും മഴക്കാല മുന്നൊരുക്ക അവലോകന യോഗത്തിൽ ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം നുള്ളിപ്പാടിയിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡ് പ്രധാന പാതയ്ക്ക് സമാനമായി ഉയർത്തി പ്രവേശന വഴി നൽകുന്നത് പ്രായോഗികവും ഗതാഗത നിയന്ത്രണത്തിന് ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കളക്ടർ അന്തിമ വിലയിരുത്തൽ നടത്തിയത്.
നിലവിൽ ചൗക്കി അടിപ്പാത കഴിഞ്ഞാൽ വിദ്യാനഗർ വരെ ഏകദേശം എട്ട് കിലോമീറ്ററോളം ദൂരത്തിൽ ദേശീയപാതയിലേക്ക് പ്രവേശിക്കാൻ മറ്റ് വഴികളില്ലാത്ത അവസ്ഥയാണ്. ഇതുമൂലം സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ മുഴുവൻ കാസർകോട് ടൗൺ വഴി ചുറ്റിപ്പോകേണ്ടി വരുന്നു. ഇതാണ് ബസ് സ്റ്റാൻഡ് മുതൽ കളക്ടറേറ്റ് വരെയുള്ള ഭാഗങ്ങളിൽ ദിവസേന കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടും ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ ശുപാർശയും മുൻനിർത്തി ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്ണൂർ പ്രോജക്ട് ഡയറക്ടർ നിലവിൽ കേരള റീജണൽ ഓഫീസർക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശന വഴി ഒരുക്കുന്നതിനായി നിലവിലുള്ള പാർശ്വഭിത്തിയും ഡ്രെയ്നേജ് സംവിധാനങ്ങളും പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും, ഇതിനായുള്ള സാങ്കേതിക നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ഥലസന്ദർശനത്തിൽ കാസർകോട് നഗരസഭാധ്യക്ഷ ഷാഹിന സലിം, ഉപാധ്യക്ഷൻ കെ.എം. ഹനീഫ്, കൗൺസിലർമാരായ റഹ്‌മാൻ തൊട്ടാൻ, സമീന മുജീബ്, ഡെപ്യൂട്ടി കളക്ടർമാരായ ലിപു എസ്. ലോറൻസ്, ശശികുമാർ, തഹസിൽദാർ ഷമിൽ ബാബു, ദേശീയപാത അതോറിറ്റി ഇൻഡിപെൻഡന്റ് എൻജിനീയർ ശങ്കർ ഗണേഷ്, അനിൽ ചെന്നിക്കര എന്നിവരും മോട്ടോർ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















