കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന അഞ്ച് പേരിൽ ഒരാളെക്കൂടി രോഗലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒൻപത് പേരിൽ അഞ്ച് പേർ ആശുപത്രി വിട്ടു. ബാക്കി നാല് പേരാണ് നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത്. അതേസമയം, നിപ ബാധിച്ച രോഗി മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ഒരു ബന്ധുവിന്റെയും പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായിട്ടുണ്ട്.
നിലവിൽ സമ്പർക്കപ്പട്ടികയിൽ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ആകെ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ നാല് പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും, 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണുള്ളത്. പട്ടികയിലുള്ള എല്ലാവരും ഇപ്പോൾ കൃത്യമായ ക്വാറന്റൈനിലാണ്. രോഗലക്ഷണങ്ങൾ വിലയിരുത്തുന്നതിനായി സമ്പർക്കപ്പട്ടികയിലുള്ള 95 പേരെ കഴിഞ്ഞ ദിവസം കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. കൂടാതെ, രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ 75 വീടുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി സന്ദർശനം നടത്തി.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സംഘം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിപയുടെ പ്രഭവകേന്ദ്രത്തിന് സമീപത്തുനിന്നും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം എന്നിവയും, സമീപത്തെ വവ്വാലുകളുടെ താവളങ്ങളിൽ നിന്നുള്ള കാഷ്ടവും ശേഖരിച്ചിട്ടുണ്ട്. ഈ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ഭോപ്പാലിലെ 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്' ലാബിലേക്ക് അയച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














