കോഴിക്കോട്: മലാപ്പറമ്പ് മുതൽ തൊണ്ടയാട് വരെയുള്ള സർവീസ് റോഡിലെ ഗതാഗതപ്രശ്നങ്ങൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പരിഹരിക്കാൻ ധാരണയായി. എം.കെ. രാഘവൻ എം.പി. ദേശീയപാത അതോറിറ്റി പ്രോജക്‌ട് ഡയറക്‌ടറുമായി നടത്തിയ കൂടിക്കാഴ്ച്‌ചയിലാണ് ഈ തീരുമാനം. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഈ ഭാഗം വൺവേയാക്കുന്ന നീക്കത്തിൽനിന്ന് പോലീസും ദേശീയപാതാ അതോറിറ്റിയും പിൻവാങ്ങിയിരുന്നു. ഈ മാസം 19-ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഗതാഗതപ്രശ്നവും നാട്ടുകാർ ഉന്നയിച്ച മറ്റ് വിഷയങ്ങളും വിശദമായി ചർച്ച ചെയ്യും.
വൺവേ പരിഷ്കാരം നടപ്പിലാക്കിയാൽ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ദൈനംദിന യാത്രയെയും സ്കൂൾ വാഹനങ്ങൾ, ആംബുലൻസ് തുടങ്ങിയ അടിയന്തര സർവീസുകളെയും അത് ഗുരുതരമായി ബാധിക്കുമെന്ന് എം.പി. ചൂണ്ടിക്കാട്ടി. വാഹനങ്ങൾ ഇടുങ്ങിയ ഉൾറോഡുകളിലേക്ക് തിരിച്ചുവിടുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകും. ഈ സാഹചര്യത്തിൽ, ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി സർവീസ് റോഡിലൂടെ താൽക്കാലികമായി ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നത്തിന് ശാശ്വത പരിഹാരമായി പാച്ചാക്കിൽ അണ്ടർപാസും പനാത്തുതാഴത്ത് ഫ്ലൈ ഓവറും നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എൻ.എച്ച്.എ.ഐ. പ്രോജക്‌ട് ഡയറക്‌ടർക്ക് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് എം.പി. ഉദ്യോഗസ്ഥരോടൊപ്പം മലാപ്പറമ്പ് മുതൽ പാച്ചാക്കിൽ വരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശവാസികൾക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലുള്ള അനുകൂല നടപടികൾ കൈക്കൊള്ളാമെന്ന് കൂടിക്കാഴ്‌ചയിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി എം.കെ. രാഘവൻ എം.പി. അറിയിച്ചു. യോഗത്തിൽ നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്‌ട് ഡയറക്ടർ പ്രശാന്ത് ദുബൈ, കെ.എം.സി. പ്രോജക്‌ട് മാനേജർ ദേവരാജ റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














