കോട്ടയം: ജില്ലയിൽ ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ' ശക്തപ്പെടുത്തുമെന്ന് പുതിയ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ കെ.എം. സാബു മാത്യു അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനുകളിലും എസ്.ഐ.മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കുകയും ഡിവൈ.എസ്.പി.മാർക്ക് ഇവയുടെ മേൽനോട്ട ചുമതല നൽകുകയും ചെയ്യും. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ കൂടുതൽ പ്രവർത്തനസജ്ജമാക്കുന്നതോടൊപ്പം വിദ്യാർഥികൾക്കിടയിലെ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നടപടിയുണ്ടാകും.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും കോട്ടയം നഗരത്തിലേതുൾപ്പെടെയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും പുതിയ പോലീസ് മേധാവി മുൻഗണന നൽകും. കേസ് അന്വേഷണം ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഫയലുകൾ പൂർണ്ണമായും കംപ്യൂട്ടർവത്കരിക്കാനാണ് തീരുമാനം. കെട്ടിക്കിടക്കുന്ന കേസ് ഫയലുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കി അവ വേഗത്തിൽ തീർപ്പാക്കുന്നതിനും കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
രാവിലെ 11-ന് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ സാബു മാത്യുവിനെ സ്ഥാനമൊഴിയുന്ന എസ്.പി. എ. ഷാഹുൽ ഹമീദ് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് അടുത്തദിവസം തിരുവനന്തപുരത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പി.യായി ചുമതലയേൽക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














