തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി വഴി കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ പങ്കെടുക്കും. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീലയായിരിക്കും ഉദ്ഘാടന ദിനത്തിൽ ബസ് ഓടിക്കുക, കണ്ടക്ടറും വനിതയായിരിക്കും.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി തുടങ്ങി ഓർഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. സൗജന്യ യാത്രയ്ക്കായി പ്രത്യേക തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ പ്രായപരിധിയോ ആവശ്യമില്ല. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് ഇനി ഓർഡിനറി ബസുകളിൽ കൺസെഷൻ ടിക്കറ്റ് എടുക്കേണ്ടതില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയാണ് ഈ പ്രഖ്യാപനം നടത്തിയത്. സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യ മന്ത്രിസഭാ യോഗങ്ങളിലൊന്നിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായത്.
ഇതോടൊപ്പം വയനാട് ജില്ലയിലെ മാനന്തവാടി അഗ്നിരക്ഷാനിലയം ഉഷാ വിജയൻ എം.എൽ.എ. സന്ദർശിച്ചു. കബനിപ്പുഴയുടെ തീരത്തുള്ള നിലവിലെ കെട്ടിടം മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതും കെട്ടിടത്തിന്റെ ബലക്ഷയവും സ്ഥലപരിമിതിയും ഉദ്യോഗസ്ഥർ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി. കോടതിക്ക് സമീപം പുതിയ കെട്ടിടത്തിനായി 25 സെന്റ് സ്ഥലം കണ്ടെത്തി 3.25 കോടി രൂപയുടെ പ്രൊപ്പോസൽ മുൻ സർക്കാർ സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികൾ വൈകുകയാണ്. മാനന്തവാടിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനും തൊണ്ടർനാട്, പനമരം എന്നിവിടങ്ങളിൽ പുതിയ അഗ്നിരക്ഷാനിലയങ്ങൾ ആരംഭിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ. ഉറപ്പുനൽകി. സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സേനാംഗങ്ങൾ എം.എൽ.എ.യെ സ്വീകരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















