താമരശ്ശേരി: വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ പോലീസിൽ പരാതി നൽകി. താമരശ്ശേരി കാരാടിപ്പറമ്പത്ത് ഗോപാലൻ (74) മരിച്ച സംഭവത്തിലാണ് മകൾ ദിവ്യ ഭർത്താവ് വിനീഷിനെതിരെ താമരശ്ശേരി പോലീസിനെ സമീപിച്ചത്. വിനീഷിന്റെ നിരന്തരമായ പീഡനവും പരസ്യമായ ആക്ഷേപവും മൂലമുണ്ടായ കടുത്ത മനോവിഷമമാണ് അച്ഛന്റെ ജീവനപഹരിച്ചതെന്ന് പരാതിയിൽ പറയുന്നു.
മരണത്തിന് തൊട്ടുമുൻപുള്ള മിനിറ്റുകളിൽ ദിവ്യ നടത്തുന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് വിനീഷ് ഗോപാലനെ കൈയേറ്റം ചെയ്യുകയും അധിക്ഷേപിച്ച് പുറത്താക്കുകയും ചെയ്തിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ അപമാന ഭാരവും മനോവിഷമവും ഒരു സുഹൃത്തിനോട് പങ്കുവെക്കാൻ പോകുന്നതിനിടയിലാണ് ഗോപാലൻ റോഡരികിൽ കുഴഞ്ഞുവീണത്.
വിനീഷ് നിരന്തരം കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തിയാണെന്നും, കഴിഞ്ഞദിവസം രാത്രിയും തങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി അക്രമം കാട്ടിയിരുന്നതായും ദിവ്യ പറയുന്നു. തനിക്കും മക്കൾക്കും നേരെ വിനീഷ് നടത്തുന്ന ക്രൂരമായ പീഡനങ്ങൾ ഗോപാലനെ വലിയ രീതിയിൽ മാനസികമായി തളർത്തിയിരുന്നു. കഷ്ടത അനുഭവിക്കുന്ന തങ്ങളെ അച്ഛൻ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നതിലുള്ള കടുത്ത വിരോധമാണ് വിനീഷ് വൃദ്ധനായ അച്ഛന് നേരെ തിരിയാൻ കാരണമെന്നും ദിവ്യ പോലീസിനോട് പറഞ്ഞു.
റോഡിൽ കുഴഞ്ഞുവീണ ഉടൻ തന്നെ നാട്ടുകാർ ഗോപാലനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഗോപാലന്റെ ഭാര്യ ശാന്തയാണ്. ധന്യയാണ് മറ്റൊരു മകൾ. മരുമകൻ: വിവേക്. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















