എലത്തൂർ: പ്രാദേശികമായ കടുത്ത എതിർപ്പുകളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കും. കളക്ടറുടെ ചേംബറിൽ ജനപ്രതിനിധികളും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ നിർണായക യോഗത്തിലാണ് പ്രവൃത്തികളുമായി മുന്നോട്ട് പോകാൻ തീരുമാനമായത്.
ചെളിനീക്കലുമായി ബന്ധപ്പെട്ട് വിവിധ ആക്ഷേപങ്ങളും ആശങ്കകളും ഉന്നയിച്ച നാട്ടുകാരെക്കൂടി പൂർണ്ണമായി വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും ഇനി മുന്നോട്ടുള്ള നടപടികൾ. ഇക്കാര്യം എം.എൽ.എ.മാരായ കെ. പ്രവീൺകുമാറും വിദ്യാ ബാലകൃഷ്ണനും യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റെയിൽവേപ്പാലത്തിന് സമീപത്തുനിന്ന് പ്രവൃത്തികൾ പുനരാരംഭിക്കാനാണ് യോഗം ധാരണയിലെത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ ദൂരത്തിലുള്ള ചെളിയായിരിക്കും നീക്കം ചെയ്യുക. ഇതിനുശേഷം പ്രത്യേക അവലോകനയോഗം ചേർന്ന ശേഷമേ അഴിമുഖം ഭാഗത്തേക്കുള്ള ആഴം കൂട്ടൽ ആരംഭിക്കൂ. നേരത്തെ അഴിമുഖം ഭാഗത്തുനിന്നാണ് പ്രവൃത്തി തുടങ്ങിയതെങ്കിലും, ഇവിടെനിന്ന് വൻതോതിൽ മണൽ കടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിഷേധക്കാർ രംഗത്തെത്തുകയും പ്രവൃത്തി തടസ്സപ്പെടുത്തുകയുമായിരുന്നു. യോഗത്തിൽ എം.എൽ.എ.മാർക്ക് പുറമെ കളക്ടർ എം.എസ്. മാധവിക്കുട്ടി, ദുരന്തനിവാരണവകുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. സാജിദ്, ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ യു.കെ. ഗിരീഷ് കുമാർ, കോർപ്പറേഷൻ കൗൺസിലർമാരായ ഇ. സുനിൽകുമാർ, ലത കളങ്കോളി, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, കോരപ്പുഴ സംരക്ഷണസമിതി ഭാരവാഹി കെ.പി. അനിൽകുമാർ, കരാർ കമ്പനി പ്രതിനിധി ജോമോൻ എന്നിവർ പങ്കെടുത്തു.
പുഴയിലെ മത്സ്യസമ്പത്ത് ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്നാണ് റെയിൽവേപ്പാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ 1,80,000 ക്യൂബിക് മീറ്റർ എക്കലും മണലും ചെളിയും നീക്കം ചെയ്യാനുള്ള ഈ വലിയ പദ്ധതിക്ക് തുടക്കമിട്ടത്. മൂന്നരമീറ്റർ താഴ്ചയിലും 100 മുതൽ 140 മീറ്റർ വരെ വീതിയിലും 1600 മീറ്റർ നീളത്തിലുമാണ് ഇവിടെ ആഴം കൂട്ടേണ്ടത്. 2017 ഡിസംബറിൽ 3.75 കോടി രൂപ നീക്കിവെച്ച് ഭരണാനുമതി ലഭിച്ച പദ്ധതി 2019 നവംബറിൽ പ്രവൃത്തി കൈമാറിയെങ്കിലും കോടതി വ്യവഹാരങ്ങളെത്തുടർന്ന് പലതവണ മുടങ്ങുകയായിരുന്നു. തുടർന്ന് ആദ്യ കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി. 2022 ഫെബ്രുവരിയിലാണ് പുതിയ കമ്പനിക്ക് കരാർ നൽകിയത്. അതിനുശേഷം പ്രവൃത്തികൾക്ക് വേഗം കൈവന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളിലും പ്രാദേശിക എതിർപ്പുകളിലും പെട്ട് വീണ്ടും തടസ്സപ്പെടുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കനത്ത പോലീസ് സംരക്ഷണയിലായിരുന്നു ഒടുവിൽ പ്രവൃത്തികൾ നടന്നിരുന്നത്. ഈ പ്രതിസന്ധികൾക്കെല്ലാം പുതിയ യോഗ തീരുമാനത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















