വടകര: ഓർക്കാട്ടേരി ഒ.പി.കെ. സ്റ്റോപ്പിന് സമീപം രണ്ട് സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ യാത്രക്കാരെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലും ഓർക്കാട്ടേരി ആശ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് ബസുകളുടെയും ഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
വടകരയിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന 'മസാഫി' ബസും, പാനൂരിൽ നിന്നും കുന്നുമ്മക്കര-ഓർക്കാട്ടേരി വഴി വടകരയിലേക്ക് വരികയായിരുന്ന 'കൈലാസം' ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തിനിടയിൽ സമീപത്തുണ്ടായിരുന്ന ശ്രീനിവാ ഡ്രൈവിങ് സ്കൂളിന്റെ കാറിലും ബസുകൾ തട്ടിയെങ്കിലും കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചത്.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഒരു മണിക്കൂറോളം പൂർണ്ണമായി ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വടകര പോലീസെത്തി ക്രെയിൻ ഉപയോഗിച്ച് ബസുകൾ റോഡിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 'മസാഫി' ബസ് ഡ്രൈവർ ഷഫീഖ് (30), 'കൈലാസം' ബസ് ഡ്രൈവർ ഇൻഷാദ് (44) എന്നിവർക്ക് പുറമെ അർസൽ (21), ജിഷ (42), ഗിരിജ (69), അലീന (19), റീന (50), ബാബു (50), ഉഷ (43), സഫീറ (35), ബിജു (47), അനാമിക (21), ബിന്ദു (50), സജീവൻ (57), നിദ ഫാത്തിമ (19), മനോജൻ (49) എന്നിവർ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സൈഫുന്നീസ കോട്ടപ്പള്ളി (46), വിഷ്‌ണുപ്രിയ കരിയാട് (46), സുരേഷ് ബാബു കെ.ടി.ബസാർ (59), ദാസൻ കുറിഞ്ഞാലിയോട് (66), ധനേഷ് കുന്നുമ്മക്കര (40), പ്രത്യുഷ് പട്ടാമ്പി (34), സയീമ പെരിങ്ങത്തൂർ (27), കാർത്തിക ഏറാമല (22), പ്രസന്ന ഏറാമല (48), ബിജു ചോമ്പാല (44), ദേവനന്ദ എടച്ചേരി (19) എന്നിവർ ഓർക്കാട്ടേരി ആശ ആശുപത്രിയിലും ചികിത്സ തേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















