വടകര: ഡ്രൈവിങ് സ്‌കൂളും പുതിയ പെട്രോൾ പമ്പും വരാനിരിക്കുമ്പോഴും വടകര കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ കടുത്ത അവഗണനയിലാണ്. താഴെ അങ്ങാടി വലിയവളപ്പിൽ 12 വർഷം മുൻപ് ആരംഭിച്ച ഈ കേന്ദ്രത്തിന്റെ യാർഡ് പകുതിയിലേറെയും ഇപ്പോഴും ചെളിക്കുളമായി തുടരുകയാണ്. ജീവനക്കാർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ഇപ്പോഴും ഏറെ പിന്നിലാണ്. ദൂരസ്ഥലങ്ങളിൽനിന്നുള്ള ജീവനക്കാർക്ക് താമസിക്കാൻ ആവശ്യമായ കെട്ടിടസൗകര്യം പോലും ഇവിടെയില്ല. മൂന്നുവർഷം മുൻപ് കെ.കെ. രമ എം.എൽ.എ. ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായി അനുവദിച്ച എ.സി. സ്റ്റാഫ് സ്ലീപ്പർ ബസിലാണ് ഇരുപതോളം ജീവനക്കാർ രാത്രി സമയങ്ങളിൽ കഴിയുന്നത്. എന്നാൽ മഴക്കാലത്ത് ഈ ബസ് ചോർന്നൊലിക്കുന്നത് ജീവനക്കാരെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്.
വിശാലമായ സ്ഥലം ലഭ്യമാണെങ്കിലും അത് ശരിയായി പ്രയോജനപ്പെടുത്താൻ ഇതുവരെ പദ്ധതികളൊന്നുമുണ്ടായിട്ടില്ല. കേന്ദ്രം തുടങ്ങിയ സമയത്ത് നിർമിച്ച ഓഫീസും വർക്ഷോപ്പും ഷീറ്റിട്ട മേൽക്കൂര മാത്രമുള്ളവയാണ്. ബസുകൾ നിർത്തുന്ന സ്ഥലം പൂർണമായി കോൺക്രീറ്റ് ചെയ്യാത്തതിനാൽ മഴ പെയ്താൽ പ്രദേശം ചെളിക്കുളമാകും. യാർഡിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിലവിൽ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. നിലവിലുള്ള ഓഫീസും അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. എങ്കിലും സ്പോൺസർഷിപ്പിലൂടെ നിർമിക്കുന്ന ചെറിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഇതിന് ചെറിയൊരു പരിഹാരമാകുമെന്ന പ്രതീക്ഷയുണ്ട്. കാടുപിടിച്ചുകിടക്കുന്ന കവാടത്തിലെ സെക്യൂരിറ്റി കാബിൻ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കൂടാതെ കേന്ദ്രത്തിന് ചുറ്റുമതിലും നിർമിച്ചിട്ടില്ല. നൂറ്റിയിരുപതോളം ജീവനക്കാരാണ് ഇവിടെ ആകെ ജോലി ചെയ്യുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കടുപ്പമേറുമ്പോഴും കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഡ്രൈവിങ് സ്‌കൂൾ പദ്ധതിയിൽ വടകരയെ ഉൾപ്പെടുത്തിയത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഒപ്പം കെ.എസ്.ആർ.ടി.സി. ബസുകൾക്കായി മാത്രമുള്ള പെട്രോൾ പമ്പും ഇവിടെ അനുവദിച്ചിട്ടുണ്ട്. ഡ്രൈവിങ് സ്കൂളിൻ്റെ ക്ലാസ്‌മുറിയും ഗ്രൗണ്ടും ഒരുക്കാൻ ഫണ്ടനുവദിച്ചെങ്കിലും ആദ്യ ടെൻഡർ ആരും ഏറ്റെടുക്കാത്തതിനാൽ വീണ്ടും ടെൻഡർ ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. നിലവിൽ ഇവിടെയുള്ള മുപ്പതോളം ബസുകൾ ഇന്ധനം നിറയ്ക്കാൻ കണ്ണൂർ, കോഴിക്കോട്, തൊട്ടിൽപ്പാലം ഡിപ്പോകളെയാണ് ആശ്രയിക്കുന്നത്. ഓപ്പറേറ്റിങ് സെന്റർ കെട്ടിടത്തിന് സമീപം പുതിയ പെട്രോൾ പമ്പ് വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. ഈ രണ്ടു പദ്ധതികളും പൂർത്തിയാകുന്നതോടെ ഡിപ്പോ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും നാട്ടുകാരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















