തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' ജൂൺ 15 തിങ്കളാഴ്ച മുതൽ യാഥാർത്ഥ്യമാകും. കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിലാണ് പ്രായഭേദമന്യേ ഈ ആനുകൂല്യം ലഭ്യമാകുന്നത്. സർക്കാരിന്റെ 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെയുള്ള യാതൊരുവിധ മാനദണ്ഡങ്ങളും ബാധകമല്ല.
യാത്രയ്ക്കായി പ്രത്യേക രജിസ്‌ട്രേഷനോ തിരിച്ചറിയൽ രേഖകളോ കാണിക്കേണ്ടതില്ല. ബസിൽ കയറിയ ശേഷം കണ്ടക്ടറിൽ നിന്നും 'സീറോ ടിക്കറ്റ്' അഥവാ 'പ്രിയദർശിനി' ടിക്കറ്റ് കൈപ്പറ്റിയാൽ മാത്രം മതിയാകും. ഇതുവഴി യാത്രാവിവരങ്ങളുടെ കൃത്യമായ കണക്കെടുപ്പും സുതാര്യതയും ഉറപ്പാക്കാൻ സാധിക്കും. പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും, കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാകാത്ത രീതിയിൽ ആവശ്യമായ തുക ഗ്രാൻ്റായി അനുവദിക്കുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയുന്നതോടെ കുടുംബങ്ങളുടെ ധനമിച്ചം വർദ്ധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
യാത്രാ സൗകര്യം വർദ്ധിക്കുന്നതോടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, വിദ്യാഭ്യാസം, വ്യവസായ സംരംഭങ്ങൾ എന്നിവ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗതത്തിലേക്കുള്ള ഈ മാറ്റം ഇന്ധന ഉപഭോഗവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനായി ബസുകളിലെ പരസ്യങ്ങൾ, സ്പോൺസർഷിപ്പ് എന്നിവയും സർക്കാർ പരിഗണിക്കുന്നുണ്ട്. കൂടാതെ നിലവിലുള്ള 58 ഗ്രാമവണ്ടി സർവീസുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 500 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി വഴി വനിതാ തൊഴിലാളികളുടെ വരുമാനത്തിൽ 15 മുതൽ 25 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. തിങ്കളാഴ്ച രാവിലെ 8:30-ന് തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. വനിതകളായ ഡ്രൈവറും കണ്ടക്ടറുമായിരിക്കും ഈ ഉദ്ഘാടന സർവീസ് നിയന്ത്രിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















