ഇരിട്ടി: പഴശ്ശി പദ്ധതിയിലെ അധിക ജലം പ്രയോജനപ്പെടുത്തിയുള്ള പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതി അടുത്തവർഷം യാഥാർത്ഥ്യമാകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിപ്പിച്ചു. 2027 മേയ് 31-നകം പദ്ധതി കമ്മിഷൻ ചെയ്യാനാവശ്യമായ കർശന നിർദേശം ഉദ്യോഗസ്ഥർക്കും കരാറുകാരനും നൽകിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ നിർമാണ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലവർഷത്തിൽ വളപട്ടണം പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുക. നീരൊഴുക്കിനെയും കാലാവസ്ഥയെയും മാത്രം ആശ്രയിച്ചു പ്രവർത്തിക്കുന്ന പദ്ധതിയായതിനാൽ നിർമാണം ഒന്നോ രണ്ടോ മാസം വൈകിയാൽ പോലും ഒരു സീസണിലെ ഉത്പാദനം പൂർണമായി നഷ്ടപ്പെടുമെന്നും അതുകൊണ്ട് സമയബന്ധിതമായി പണി തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാന തുരങ്കം വഴി മൂന്ന് ഉപതുരങ്കങ്ങളിലേക്ക് വെള്ളം തിരിച്ചുവിട്ട് 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് ഇവിടെ വൈദ്യുതി നിർമ്മിക്കുന്നത്. നിലവിൽ പ്രധാന-ഉപ തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. പവർഹൗസിന്റെ നിർമാണം 30 ശതമാനത്തോളം പൂർത്തിയായതായി ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. സിവിൽ പ്രവൃത്തികൾക്ക് 56.91 കോടിയും മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി 57.87 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പഴശ്ശി പദ്ധതിയിലെ നിലവിലുള്ള കുടിവെള്ള വിതരണത്തെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിലാണ് ഇതിന്റെ പ്രവർത്തനമെന്നും മന്ത്രി ഉറപ്പുനൽകി.
പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടർ സ്ഥലം ഉപയോഗിച്ചാണ് ഈ ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ജലസേചന വിഭാഗവും കെ.എസ്.ഇ.ബി.യും തമ്മിൽ നേരത്തെ തന്നെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. പദ്ധതിയുടെ ആകെ സംഭരണശേഷിയായ 26.52 മീറ്ററിൽ 24 മീറ്റർ വരെ ജലനിരപ്പ് നിലനിർത്തിക്കൊണ്ടാകും വൈദ്യുതോത്പാദനം നടത്തുക. ഇതിനുശേഷം ഈ വെള്ളം വളപട്ടണം പുഴയിലേക്ക് തന്നെ ഒഴുക്കിവിടും. യോഗത്തിൽ വൈദ്യുതി ജനറേഷൻ വിഭാഗം ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനീയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. സിന്ധു, എക്സിക്യൂട്ടീവ് എൻജിനീയർ സി.കെ. അനിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ മെഹറൂഫ്, അബ്ദുൽകരീം, കെ. മണികണ്ഠൻ, ബി. ഷിബു എന്നിവരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















