പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മുള്ളി സ്വദേശിയും ആദിവാസി യുവാവുമായ വെള്ളിങ്കിരി (30), ഗൂളിക്കടവ് സ്വദേശികളായ മിനി ഷാജി, ഓട്ടോ ഡ്രൈവർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയാണ് വെള്ളിങ്കിരിക്ക് നേരെ ആദ്യ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് രാവിലെ അഞ്ചരയോടെ ഗൂളിക്കടവിൽ വെച്ച് ഓട്ടോറിക്ഷ മറിച്ചിട്ടായിരുന്നു രണ്ടാമത്തെ ആക്രമണം. ഓട്ടോയിലുണ്ടായിരുന്ന മിനി ഷാജിക്കും ഡ്രൈവർ പ്രസാദിനും സംഭവത്തിൽ പരിക്കേറ്റു. മൂവരെയും ഉടൻ തന്നെ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അട്ടപ്പാടിയിലെ ഈ സംഭവങ്ങൾക്ക് പുറമെ, വയനാട്ടിലും കാട്ടാന ആക്രമണം വൻ നാശനഷ്ടവും ജീവഹാനിയും വിതയ്ക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ മാത്രം രണ്ട് പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മേപ്പാടി പഞ്ചായത്തിലെ പുത്തുമല സ്വദേശിനി ജെസി കൊല്ലപ്പെട്ടതിന് പിന്നാലെ, കഴിഞ്ഞ ദിവസം തിരുനെല്ലി കാട്ടിക്കുളത്ത് തോട്ടം തൊഴിലാളിയായ രാജുവും കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്തിറങ്ങിയ ഒറ്റയാനെ വനംവകുപ്പ് തുരത്തുന്നതിനിടയിലാണ് രാജു ആനയുടെ മുന്നിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാജു പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനവകുപ്പും നാട്ടുകാരും ചേർന്ന് ഈ ആനയെ കാടുകയറ്റിയത്.
തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ മലയോര മേഖലകളിൽ കടുത്ത ജനപ്രതിഷേധമാണ് ഉയരുന്നത്. വന്യജീവി ശല്യം കാരണം പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പ്രതികരിച്ചു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. അതിനിടെ, കാട്ടിക്കുളത്ത് കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർക്കാരിലേക്ക് ശുപാർശ നൽകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















