കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ അരങ്ങാടത്ത് മീത്തലെ പള്ളി മുതൽ കൊയിലാണ്ടി ടൗൺ വരെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ട കടുത്ത വെള്ളക്കെട്ടും ചെളിക്കുളവും കാരണം ഗതാഗതം ദുസ്സഹമായ സ്ഥലം കെ. പ്രവീൺകുമാർ എം.എൽ.എ. സന്ദർശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. റോഡ് റീ-ടാറിങ് ചെയ്തതിന് ശേഷം ഇരുവശങ്ങളിലും നിരത്തിയ ചുവന്ന മണ്ണാണ് മഴ പെയ്തതോടെ വലിയ വിനയായത്. ഇത് കാരണം സമീപത്തെ കടകളിലേക്ക് എത്തുന്നവർക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. പല സ്ഥാപനങ്ങളിലും കച്ചവടം പൂർണ്ണമായും നിലച്ച മട്ടാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ചെളിയിൽ തെന്നിവീഴുന്നതും ഇരുചക്രവാഹനങ്ങൾ കുഴികളിൽ പെട്ട് അപകടമുണ്ടാകുന്നതും ഇവിടെ പതിവായിരിക്കുകയാണ്.
വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ റോഡരികിൽ കൃത്യമായ ഡ്രൈനേജ് സംവിധാനം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ദേശീയപാതാ അധികൃതർ 5.5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. നിലവിൽ കൊയിലാണ്ടി മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള പാത ദേശീയപാതാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. പുതിയ ബൈപ്പാസ് പൂർണ്ണമായി യാഥാർത്ഥ്യമാകുന്നതോടെ ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് (PWD) കൈമാറും. അതിനുശേഷമേ പൂർണ്ണതോതിലുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ സാധ്യമാകൂ എന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, റോഡരികിലെ ചെളി ഒഴിവാക്കാൻ താത്കാലികമായി ക്വാറി വേസ്റ്റ് നിക്ഷേപിക്കാൻ എം.എൽ.എ. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ മാറുന്ന മുറയ്ക്ക് ഓവുചാൽ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഐ.കെ. മിഥുൻ, വടകര ആർ.ടി.ഒ. കെ. അജീഷ്, സൈറ്റ് എൻജിനീയർ പി.എം. വൈശാഖ് എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു. കൂടാതെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം. ദൃശ്യ, കെ.എം. നജീബ്, കൗൺസിലർമാരായ നുസൈബ, ശ്രീജ റാണി, സി.കെ. ജയദേവൻ, മുൻ കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി, എ. അസീസ് ഒപ്പം വിവിധ വ്യാപാരി സംഘടനകളുടെ ഭാരവാഹികളും ജനപ്രതിനിധികൾക്കൊപ്പം സ്ഥലം സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















