തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പൊലീസുകാർക്ക് ശാസനയുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. ആക്രമണമുണ്ടായപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞില്ലെന്ന് കമ്മീഷണർ കുറ്റപ്പെടുത്തി. വാഹനങ്ങൾക്ക് നേരെ മുട്ടയേറുണ്ടായപ്പോഴും തടഞ്ഞില്ല. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും കമ്മീഷണർ ചോദിച്ചു. ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൊലീസുകാരെ കമ്മീഷണർ ശാസിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു കമ്മീഷണർ വിമർശനം ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചില്ലെന്നയിരുന്നു പൊലീസുകാരുടെ മറുപടി. ആക്രമണം തടയുന്നതിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥൻ ശാസിച്ചിരിക്കുന്നത്.
അതിനിടെ കേസിലെ അന്വേഷണ ചുമതലകളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. തുടരന്വേഷണ ചുമതല മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നാണ് ആവശ്യം. തനിക്കെതിരെ നടന്നുവരുന്നത് കേരള പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തുന്ന വ്യാജ പ്രചരണങ്ങളാണെന്ന് എസ്എച്ച്ഒ പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ നടത്തിയത് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ്. അന്വേഷണത്തിൽ ഒരുതരത്തിലുള്ള പാളിച്ചയും വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. മ്യൂസിയം എസ്എച്ച്ഒ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ആരോഗ്യ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് കമ്മീഷണറോട് എസ്എച്ച്ഒ സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. അതേസമയം തൽക്കാലം ചുമതലകളിൽ തുടരാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി.
അതിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് മുതൽ പത്ത് വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കിരൺ, അനിൽകുമാർ, ഷരീഫ്, ഹരീഷ് കുമാർ, ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തണം, പ്രതികളുടെ ഗൂഢാലോചന കണ്ടെത്തണം. കൂട്ടുപ്രതികളെ തിരിച്ചറിയണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിയണം എന്നീ ആവശ്യങ്ങളായിരുന്നു പൊലീസ് കസ്റ്റഡിയിൽ അപേക്ഷയിൽ ഉന്നയിച്ചത്. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.
CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: വീണയെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ ഡി
സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇക്കഴിഞ്ഞ മെയ് 27നായിരുന്നു ഇ ഡിയുടെ മിന്നൽ പരിശോധന നടന്നത്. വീണ ടി പ്രതിയായ കേസിൽ പിതാവും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ അടക്കമായിരുന്നു റെയ്ഡ്. മകൾ പ്രതിയായ കേസിൽ പിണറായി വിജയനെ ലക്ഷ്യംവെയ്ക്കുന്നുവെന്നായിരുന്നു സിപിഐഎം ആരോപണം. രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടിരുന്നു. ഈ സമയമത്രയും പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. റെയ്ഡിന് ശേഷം ഇ ഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്.
ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് പ്രത്യേക സംഘത്തിന് വിട്ടു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരും അടക്കം മുപ്പത് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















