തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തി ജില്ലാ കളക്റ്റർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. ആദ്യമായിട്ടാണ് കാപ്പയിൽ ഒരു കൗൺസിലർ ജയിലിൽ പോകുന്നത്. അറസ്റ്റ് ചെയ്യാനെത്തി പൊലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസുകൂടി എടുത്തു. അതേസമയം, സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐ വിപിൻ, എസ് ഐ അഭിജിത് എന്നിവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സക്ക് വിധേയമാക്കും. ഇന്നലെ രാത്രി വാഴോട്ടുകോണത്തെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ സുഗതനും ചേട്ടനും ഇരുവരെയും മർദിച്ചു. തള്ളി താഴെ ഇടുകയും ചെയ്തു. സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സി ഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പൊലീസ് മർദ്ദിച്ചെന്നായിരുന്നു സുഗതൻറെ പരാതി.
അത്യന്തം നാടകീയമായ സംഭവങ്ങളാണ് ഇന്നലെ രാത്രി തിരുവനന്തപുരം നഗരത്തിൽ ഉണ്ടായത്. രണ്ട് മാസം മുമ്പ് അമ്പലത്തിലെ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഇന്നലെ കൗൺസിലറുടെ വീട്ടിൽ എത്തിയത്. നേരത്തെ തന്നെ പത്തോളം കേസുകളിൽ പ്രതിയായ സുഗതനെതിരെ കാപ്പ ചുമത്തിയിരുന്നു. ഇപ്പോഴത്തെ വധശ്രമ കേസിൽ സുഗതന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. എന്നിട്ടും ഒളിവിൽ ആയിരുന്നു സുഗതൻ. സുഗതൻ രാത്രി വീട്ടിൽ എത്തിയത് അറിഞ്ഞ് വട്ടിയൂർക്കാവ് സി ഐയുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. എന്നാൽ സുഗതന്റെ അനുയായികൾ പൊലീസിനെ വളഞ്ഞതോടെ പൊലീസിന് ആകാശത്തേയ്ക്ക് വെടി വെക്കേണ്ടി വന്നു. സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവ് സി ഐ വിപിൻ, എസ് ഐ അഭിജിത് എന്നിവർക്ക് മർദനമേറ്റു. സുഗതനും ചേട്ടനും ചേർന്ന് മർദ്ദിച്ചതായി പൊലീസ് പറയുന്നു. പൊലീസ് കുടുംബത്തെ മർദ്ദിച്ചെന്ന് സുഗതനും പറയുന്നു.
ചിക്കൻ പോക്സ് ബാധിതനാണ് താനെന്നും ഹാജരാകാൻ രണ്ട് ദിവസം സമയം ചോദിച്ചിട്ടും പൊലീസ് അനുവദിച്ചില്ലെന്നുമാണ് സുഗതൻ പറയുന്നത്. പൊലീസ് വീട്ടിനുള്ളിൽ കയറി ഭാര്യയെയും മകനെയും അടിച്ചുവെന്നും സുഗതൻ ആരോപിച്ചു. രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയ പൊലീസ് തന്നെ മർദ്ദിക്കുകയും മുഖത്തടിക്കുകയും നടുവിൽ ചവിറ്റുകയും ചെയ്‌തെന്ന് സുഗതന്റെ ഭാര്യ അശ്വതിയും ആരോപിച്ചു. ഒരു വനിതാ പൊലീസ് പോലും ഇല്ലാതെയാണ് പൊലീസ് വീട്ടിൽ എത്തിയത്. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ പൊലീസ് വെടിവെച്ചുവെന്നും സുഗതൻ ഒളിവിൽ ആയിരുന്നില്ലെന്നും ചിക്കൻപോക്സിന് ചികിത്സയിലായിരുന്നുവെന്നും സുഗതന്റെ ഭാര്യ പറയുന്നു. എട്ട് വയസ്സായ കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ പൊലീസ് പിടിച്ചു തള്ളിയെന്നും അശ്വതി ആരോപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















