കൂരാച്ചുണ്ട് : ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനക്കൂട്ടം വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ആനശല്യം തിങ്കളാഴ്ച രാത്രിയും കനത്ത നാശനഷ്ടമാണ് വിതച്ചത്. മേഖലയിലെ കർഷകരായ കുമാരൻ പനന്തോട്ടത്തിൽ, ബേബി കാനാട്ട്, പൗലോസ് നേടിയ പാലക്കൽ, റോബിൻ പുത്തൻപുരയ്ക്കൽ എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകൾ നശിപ്പിച്ച ആനക്കൂട്ടം കുമാരന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയും തകർത്തു. കഴിഞ്ഞദിവസം ഒൻപതാം വാർഡിലെ കല്ലാനോട് അകമ്പടി താഴെ മേഖലയിലും കാട്ടാനകൾ ഇറങ്ങി വടുതല ആൻ്റണി, വടുതല ചാക്കോ എന്നിവരുടെ വാഴയുൾപ്പെടെയുള്ള കാർഷികവിളകൾ നശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണ് ആനകൾ പതിവായി ജനവാസമേഖലയിലേക്ക് എത്തുന്നത്.
വനത്തിലേക്ക് മടങ്ങാതെ ഇറിഗേഷൻ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള റിസർവോയറിനോട് ചേർന്ന കാടുകളിൽ ആനകൾ താവളമാക്കുന്നതാണ് ജനങ്ങൾക്ക് വലിയ ഭീഷണിയാകുന്നത്. പകൽ സമയങ്ങളിൽ ഈ കാട്ടിൽ ഒളിച്ചിരിക്കുന്ന ആനകൾ രാത്രിയാകുന്നതോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശം വിതച്ച് തിരികെ കയറുകയാണ് പതിവ്. പ്രശ്നപരിഹാരമായി ഇറിഗേഷൻ സ്ഥലത്തെ കാട് ഉടൻ വെട്ടിമാറ്റണമെന്ന കർഷകരുടെ ആവശ്യം കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ വി.ടി. സൂരജ് എം.എൽ.എ. അംഗീകരിക്കുകയും അടിയന്തര നടപടിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കാട് വെട്ടിമാറ്റുന്നത് റാപ്പിഡ് ഫോഴ്‌സിന് പട്രോളിങ് കൂടുതൽ എളുപ്പമാക്കും.
സ്ഥിരമായി നാശനഷ്ടമുണ്ടാക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനായി വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘം തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എം.എ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് സംഘമെത്തിയത്. ഡ്രോൺ ഉപയോഗിച്ച് ആനകളുടെ സാന്നിധ്യം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ശക്തമായ മൂടൽമഞ്ഞ് കാരണം ഇത് വിജയിച്ചില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും അടങ്ങുന്ന സംഘം മേഖലയിൽ രാത്രികാലങ്ങളിൽ തമ്പടിച്ച് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആനകളെ പൂർണ്ണമായി തുരത്തുന്നതുവരെ ജാഗ്രത തുടരും.
തുടർച്ചയായ ആനശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ. ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി വനംവകുപ്പിനോട് ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളോട് ചേർന്നു കിടക്കുന്ന ഇറിഗേഷൻ, വനം വകുപ്പ് ഭൂമികളിലെയും സ്വകാര്യ വ്യക്തികളുടെയും കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആനകൾ കനത്ത നാശനഷ്ടം വരുത്തിയ പ്രദേശങ്ങൾ ഡി.വൈ.എഫ്.ഐ. നേതാക്കളായ ടി. സരുൺ, എസ്.എസ്. അതുൽ, അതുൽ പ്രസിൻ പനങ്ങാട്, കെ.ജി. അരുൺ, ജസ്റ്റിൻ ജോൺ, രാഹുൽ റാം, വി.എസ്. സോണറ്റ് എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















