സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരം പട്ടം ഗേൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീഴുകയും പത്തനംതിട്ട കൂടൽ സ്കൂളിന് മുകളിൽ ആൽമരം കടപുഴകുകയും ചെയ്തു. മലപ്പുറത്ത് വിദ്യാർഥി മുങ്ങിമരിച്ചതുൾപ്പെടെ വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷമായി
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. 2 സ്കൂളുകളിലും കനത്ത മഴയിൽ അപകടമുണ്ടായി. തലസ്ഥാന നഗരിയിൽ പെരുമഴയെത്തുടർന്ന് പ്രശസ്തമായ പട്ടം ഗേൾസ് സ്കൂളിലെ സംരക്ഷണ മതിൽ തകർന്നു വീണു. സ്കൂളിലെ പിൻവശത്തെ ക്ലാസ് മുറികളോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇത്തവണത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം നടന്നത് ഈ വിദ്യാലയത്തിലായിരുന്നു. സ്കൂൾ തുറക്കുന്നതിന് മുന്നേ ആയതിനാലാണ് ഇവിടെ വൻ അപകടം ഒഴിവായതും ആർക്കും പരിക്കേൽക്കാതിരുന്നതും. പത്തനംതിട്ട കൂടൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ഇന്ന് പുലർച്ചെ വൻ ആൽമരം കടപുഴകി വീണു.
ജില്ലാ പഞ്ചായത്തിന്റെ ഗുരുതരമായ അനാസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് നാട്ടുകാരും കൂടൽ സ്കൂൾ പി ടി എയും ആരോപിച്ചു. സ്കൂൾ മുറ്റത്ത് അപകടകരമായി നിന്നിരുന്ന ഈ മരം മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് അവർ കൈയൊഴിയുകയായിരുന്നു. സ്കൂളിൽ നിലവിൽ അപകടകരമായ അവസ്ഥയിൽ മറ്റു മരങ്ങളും ഉണ്ടെന്ന് പി ടി എ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെത്തുടർന്ന് കോന്നി തഹസിൽദാർ അജേഷ് ജി. സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കുകളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാത്തത് പുലർച്ചയായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായി നിൽക്കുന്ന സ്കൂൾ മുറ്റത്തെ മറ്റു മരങ്ങൾ ഉടൻ തന്നെ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കുമെന്നും ഇതിനായി അടിയന്തരമായി ട്രീ കമ്മിറ്റി ചേരുമെന്നും തഹസിൽദാർ അറിയിച്ചു. മഴക്കെടുതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റവന്യൂ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് കാലവർഷക്കെടുതിയിൽ വലിയ നഷ്ടമുണ്ടായി. മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. ചങ്ങരംകുളം ചേലക്കടവിൽ മീൻ പിടിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർഥിക്കാണ് ജീവൻ നഷ്ടമായത്. മുക്കുതല സ്വദേശി മുഹമ്മദിന്റെ മകൻ മുർഷിദാണ് മരിച്ചത്. പാലക്കാട് കുഴൽമന്ദത്ത് കിണർ ഇടിഞ്ഞു വീണുണ്ടായ അപകടത്തിലും ഒരാൾക്ക് ജീവൻ നഷ്ടമായി. പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണൻ എന്ന രാമദാസ് ആണ് മരിച്ചത്. 40 വയസായിരുന്നു. കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞതാണ് അപകടമായത്. തൃശൂർ എരുമപ്പെട്ടിയിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കാഞ്ഞിരക്കോട് കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















