തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയൽ ബാധ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം ആളുകൾക്കാണ് ഈ വർഷം രോഗം ബാധിച്ചത്. ഇതുവരെ 85 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായും ഇതിൽ 10 കേസുകൾ ഈ മാസമാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരി ഉൾപ്പെടെ രണ്ട് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യപ്രവർത്തകരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കുടലിനെ ബാധിക്കുന്ന ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മലിനജലം, കേടായ ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരായ ആളുകളിൽ നിന്നുമാണ് ഇത് പടരുന്നത്. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിൽപ്പനശാലകളിൽ സംസ്ഥാനവ്യാപകമായി പരിശോധന നടത്താനും മാനദണ്ഡങ്ങൾ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങൾ പൂട്ടാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കടകളിൽ സാധാരണ വെള്ളത്തിന് പകരം ക്ലോറിനേഷൻ നടത്തി പൂർണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ വിതരണം ചെയ്യാവൂ എന്നും അധികൃതർ വ്യക്തമാക്കി.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഈ രോഗം മൂലമുള്ള മരണനിരക്ക് 28% ത്തോളമായതിനാൽ അങ്കണവാടികൾക്ക് വനിതാ-ശിശുവികസന വകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ വയറിളക്കം വഴിയുണ്ടാകുന്ന നിർജലീകരണമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത് എന്നതിനാൽ അങ്കണവാടികളിൽ ഭക്ഷണ സുരക്ഷയും ശുചിത്വവും കർശനമായി ഉറപ്പാക്കണം. കുട്ടികൾ അസംസ്‌കൃത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















