കൊട്ടിയൂർ: ഉത്തരമലബാറിലെ പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ 'ഇളനീർവെപ്പ്' ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. ദർശനപുണ്യം തേടി ആയിരക്കണക്കിന് തീർത്ഥാടകരാണ് തിരുവഞ്ചിറ സന്നിധാനത്തേക്ക് ഒഴുകിയെത്തിയത്.
ഞായറാഴ്ച സന്ധ്യയോടെ തന്നെ ഇളനീർവെപ്പിന്റെ ജന്മസ്ഥാനികനായ എരുവട്ടി ആയിരത്തി തണ്ടയാനും സംഘവും ആചാരപ്രകാരമുള്ള എണ്ണയും ഇളനീരുമായി മന്ദംചേരിയിൽ എത്തിച്ചേർന്നിരുന്നു. ഇതിന് മുന്നോടിയായി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കാവുകൾ വ്രതാനുഷ്ഠാനങ്ങളോടെ മന്ദംചേരിയിൽ എത്തിച്ച്, ഭക്തർ ഇളനീർവെപ്പിനുള്ള ശുഭമുഹൂർത്തത്തിനായി കാത്തിരുന്നു.
അക്കാളത്തെ അത്താഴപൂജയും ശീവേലിയും പൂർത്തിയായതോടെ സന്നിധാനത്ത് ഇളനീർവെപ്പിനുള്ള 'രാശി' വിളിച്ചു. തുടർന്ന് കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിൽ അമ്മാറക്കല്ലിനും അരയാൽത്തറയ്ക്കും നടുവിലായി 'തട്ടും പോളയും' വിരിച്ചതോടെയാണ് ഔദ്യോഗികമായി ഇളനീർവെപ്പ് ആരംഭിച്ചത്. തുടർന്ന് കാവുകാരായ ആയിരക്കണക്കിന് ഭക്തർ വരിവരിയായി എത്തി ഇളനീരുകൾ തിരുവഞ്ചിറയിൽ സമർപ്പിച്ചു.
മറ്റ് എല്ലാ കാവുകളുടെയും സമർപ്പണം പൂർത്തിയായതിന് ശേഷമാണ്, ജന്മസ്ഥാനികനായ എരുവട്ടി ആയിരത്തി തണ്ടയാൻ എഴുന്നള്ളിച്ചുകൊണ്ടുവന്ന വിശിഷ്ടമായ എണ്ണയും ഇളനീരും അക്കരെ കൊട്ടിയൂർ ക്ഷേത്ര മുഖമണ്ഡപത്തിൽ സമർപ്പിച്ചത്. ഈ ചടങ്ങോടെയാണ് ഈ വർഷത്തെ ഭക്തിസാന്ദ്രമായ ഇളനീർവെപ്പ് ചടങ്ങുകൾക്ക് സമാപനമായത്. തിങ്കളാഴ്ച (ഇന്ന്) കൊട്ടിയൂരിൽ അതിപ്രധാനമായ 'ഇളനീരാട്ടം' ചടങ്ങുകൾ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















