വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദമുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഡിവൈഎഫ്‌ഐ നേതാക്കൾക്കും പ്രവർത്തകർക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നോട്ടീസ്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആർ.എസ്. റിബേഷ്, പ്രവർത്തകരായ മനീഷ്, അതുൽ എന്നിവർക്കാണ് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ ഇടത് സർക്കാരിന്റെ കാലത്ത് കേസിന്റെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നവരാണ് ഈ മൂന്നുപേരും.
അന്വേഷണം 'വടകര സ്ക്വാഡ്' വാട്‌സാപ് ഗ്രൂപ്പിലേക്ക്
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് 'വടകര സ്ക്വാഡ്' എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെയാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിൽ നിന്നാണ് ഡിവൈഎഫ്‌ഐ നേതാവായ റിബേഷ് രാമകൃഷ്ണന് പോസ്റ്റ് ലഭിച്ചതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. തുടർന്ന് നടത്തിയ പരിശോധനയിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ ഭാസ്കരൻ വഴിയാണ് ഈ പോസ്റ്റ് 'വടകര സ്ക്വാഡ്' ഗ്രൂപ്പിൽ എത്തിയതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
നേരത്തെ അന്വേഷണം റിബേഷിലേക്ക് കേന്ദ്രീകരിച്ചിരുന്നെങ്കിലും, ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തുടർനടപടികൾ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.
ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക്; അഡ്മിൻമാരെ ചോദ്യം ചെയ്യും കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ച മറ്റ് വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെയും വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ച ജിതിൻ ഭാസ്കരന്റെ മൊബൈൽ ഫോൺ നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
സൈബർ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം സംബന്ധിച്ച കേസിന്റെ ചുരുളഴിക്കാൻ കഴിയുമെന്നാണ് എസ്‌ഐടി കണക്കുകൂട്ടുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോഹരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















