കോഴിക്കോട്: നഗരത്തിൽ സിറ്റി പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ എം.ഡി.എം.എ.യുമായി (MDMA) രണ്ടുപേർ പിടിയിലായി. കോഴിക്കോട് മുഖദാർ നൈനാം വളപ്പിൽ എൻ.വി. അബ്ബാസ് (44), പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിലിൽ എസ്.പി. സക്കീർ (31) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്.
അരക്കിണർ ഭാഗത്ത് വെച്ച് കാറിൽ കടത്തുകയായിരുന്ന 50.990 ഗ്രാം എം.ഡി.എം.എ. ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും കോഴിക്കോട്ടേക്ക് കാറിൽ നിരോധിത ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അടിയന്തര പരിശോധന.
പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബെംഗളൂരുവിലെ ലഹരിമരുന്നിന്റെ പ്രധാന ഉറവിടത്തെക്കുറിച്ചും, കോഴിക്കോട് എത്തിച്ച ശേഷം ഇത് ആർക്കെല്ലാമാണ് വിൽപന നടത്താൻ ഉദ്ദേശിച്ചിരുന്നത് എന്നതിനെക്കുറിച്ചും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബേപ്പൂർ എസ്.ഐ.മാരായ വിഷ്ണു രാമചന്ദ്രൻ, അർജുൻ, പന്നിയങ്കര എസ്.എച്ച്.ഒ. സതീഷ് കുമാർ, ഗ്രേഡ് എ.എസ്.ഐ.മാരായ ദീപ്തിലാൽ, അനൂപ്, സി.പി.ഒ. സുധീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ സംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കർശന പരിശോധന തുടരുകയാണെന്നും ഇതിനകം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















