മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നിർണായക പ്രഖ്യാപനവുമായി റിസർവ് ബാങ്ക് പണനയ സമിതി. റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്നും അത് 5.25 ശതമാനമായി തന്നെ നിലനിർത്താനും ആർബിഐ തീരുമാനിച്ചു. പണനയ സമിതിയിലെ ആറ് അംഗങ്ങളും ഏകകണ്ഠമായാണ് ഈ തീരുമാനത്തെ അനുകൂലിച്ചത്. പശ്ചിമേഷ്യൻ യുദ്ധം, ക്രൂഡ് ഓയിൽ വിലവർദ്ധനവ് തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കെയാണ് പലിശനിരക്ക് ഉയർത്താതെ നിലനിർത്താൻ ബാങ്ക് തയ്യാറായത്.
കഴിഞ്ഞ ഏപ്രിലിലെ സമിതി യോഗത്തിന് ശേഷം ആഗോളതലത്തിൽ നിരവധി വെല്ലുവിളികൾ ഉയർന്നുവന്നതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. രാജ്യത്തെ വിലക്കയറ്റം നിലവിൽ ആർബിഐ നിശ്ചയിച്ച പരിധിക്കുള്ളിലാണെങ്കിലും, വരും മാസങ്ങളിൽ യുദ്ധവും മറ്റ് ആഗോള സാഹചര്യങ്ങളും പണപ്പെരുപ്പം വർധിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഈ സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തോടെ വിലക്കയറ്റം നിശ്ചിത പരിധി കടന്നേക്കാമെന്നും എന്നാൽ നാലാം പാദത്തോടെ വിതരണമേഖലയിലെ സമ്മർദ്ദങ്ങൾ കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.ഡി.പി. വളർച്ചാ അനുമാനം കുറച്ചു
രാജ്യത്തിന്റെ ജി.ഡി.പി. (GDP) വളർച്ചാ നിരക്കിൽ റിസർവ് ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ പ്രവചിച്ച 6.9 ശതമാനത്തിൽ നിന്നും വളർച്ചാ നിരക്ക് 6.6 ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ. ഇതോടൊപ്പം പണപ്പെരുപ്പ നിരക്ക് അനുമാനം 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായി ഉയർത്തുകയും ചെയ്തു.
ഉയർന്ന ഊർജ്ജവില, വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ എന്നിവ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ എൽനിനോ ഭീഷണി, മഴക്കുറവ് എന്നിവയുണ്ടാക്കാവുന്ന കാർഷിക പ്രതിസന്ധികളും രാജ്യം നേരിടുന്ന വെല്ലുവിളികളായി ആർബിഐ ചൂണ്ടിക്കാണിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ എത്രത്തോളമുണ്ടാകുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും ആർബിഐയുടെ കുറിപ്പിൽ പറയുന്നു.
ബിസിനസ് ലോകത്ത് ആശ്വാസം
ആഗോളതലത്തിൽ പ്രതിസന്ധികൾ രൂക്ഷമായിട്ടും റിപ്പോ നിരക്ക് വർധിപ്പിക്കാത്ത ആർബിഐ നടപടിയെ വലിയ ആശ്ചര്യത്തോടെയാണ് ബിസിനസ് ലോകം കാണുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുമായിരുന്നെങ്കിലും, അത് ബാങ്ക് വായ്പകളെയും ബിസിനസ്സ് മേഖലകളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു. വായ്പാ പലിശനിരക്കുകൾ ഉയരാത്തത് സാധാരണക്കാർക്കും ആശ്വാസമാകും. വിലക്കയറ്റം നിലവിൽ പൂർണമായും നിയന്ത്രണാതീതമായിട്ടില്ല എന്ന വിലയിരുത്തലാണ് നിരക്ക് വർധനയിൽ നിന്ന് പിന്മാറാൻ ആർബിഐയെ പ്രേരിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















