അമ്പലവയൽ: വിദ്യാലയ മുറ്റത്ത് വെച്ച് വിദ്യാർഥിനികൾക്ക് തെരുവുനായയുടെ കടിയേറ്റ സംഭവത്തെത്തുടർന്ന് അമ്പലവയലിലെ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കാൻ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചു. എ.ബി.സി. ജില്ലാതല ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്നാണ് സുൽത്താൻബത്തേരിയിലെ എ.ബി.സി. കേന്ദ്രം വഴി തെരുവുനായകളെ പിടികൂടാനും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനും തീരുമാനമെടുത്തത്. ഡോഗ് ക്യാച്ചർമാരുടെ സഹായത്തോടെ സ്കൂൾ പരിസരങ്ങളിലെ നായകളെ അടിയന്തരമായി പിടികൂടും.
ഇതിനുപുറമേ, തെരുവുനായ ആക്രമണങ്ങൾ തടയുന്നതിനായി ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി അമ്പലവയൽ എൽ.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അഞ്ഞൂറോളം വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെയും അമ്പലവയൽ വെറ്ററിനറി ആശുപത്രിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. തെരുവുനായകളോട് ഇടപെടേണ്ട രീതികൾ, അവ ആക്രമണകാരികളാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ സ്കൂൾതല ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. നീതു ദിവാകർ, കല്പറ്റ വെറ്ററിനറി കേന്ദ്രം സർജൻ ഡോ. റാണി ജോസഫ്, അമ്പലവയൽ വെറ്ററിനറി സർജൻ ഡോ. കെ.വി. അമൽരാജ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ ദിവസമാണ് അമ്പലവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനികളായ മൂന്നുപേർക്ക് സ്കൂൾ പ്രവേശന കവാടത്തിന് സമീപത്തുവെച്ച് നായയുടെ കടിയേറ്റത്. പരിക്കേറ്റ കുട്ടികൾ അമ്പലവയൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, കുട്ടികൾക്ക് കടിയേറ്റ വിവരം അറിയിച്ചിട്ടും സ്കൂൾ അധികൃതർ തുടക്കത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചത് വലിയ തോതിലുള്ള ജനപ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടായിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















