വടകര: കാലവർഷം എത്തിയിട്ടും സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് വടകരയിൽ ജനപ്രതിഷേധം ശക്തമാകുന്നു. പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. സർവീസ് റോഡുകളിൽനിന്ന് വെള്ളം ഓവുചാലിലേക്ക് ഒഴുകിപ്പോകാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാത്തതാണ് പ്രധാന തിരിച്ചടിയാകുന്നത്. കാലവർഷത്തിന് മുൻപ് തന്നെ അറ്റകുറ്റപ്പണികൾ തീർക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ല. മഴ കനക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
പുതിയ ഗതാഗതപരിഷ്കരണം നഗരത്തിലെ കുരുക്കിന് ആശ്വാസമായെങ്കിലും, സർവീസ് റോഡുകളിലെ കുഴികൾ കാരണം മഴസമയത്ത് വാഹനങ്ങൾ പതുക്കെ മാത്രമേ കടന്നുപോകുന്നുള്ളൂ. വെള്ളം നിറഞ്ഞ കുഴികളുടെ ആഴം അറിയാൻ കഴിയാത്തതിനാൽ വാഹനയാത്രക്കാർ ബുദ്ധിമുട്ടിലാണ്. വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് തിരുവള്ളൂർ റോഡിലേക്കു കയറുന്ന ഭാഗത്തും, കൃഷ്ണകൃപ കല്യാണമണ്ഡപത്തിന് എതിർവശത്തും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.
ആശ ആശുപത്രിക്കു എതിർവശത്ത് ദേശീയപാതയിൽനിന്നുള്ള വെള്ളം മുഴുവൻ സർവീസ് റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. ഓവുചാലിലെ സ്ലാബുകൾക്ക് മുകളിൽ മണ്ണടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കഴിഞ്ഞ ദിവസം സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞുവീണിരുന്നു. നിലവിൽ ഈ പറമ്പിലേക്കാണ് വെള്ളം ഒലിച്ചിറങ്ങുന്നത്. കഴിഞ്ഞ തവണ മഴയുള്ളപ്പോൾ റോഡ് ടാർ ചെയ്തത് മണിക്കൂറുകൾക്കകം ഇളകിപ്പോയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ശനിയാഴ്ച സായാഹ്നധർണ
എസ്.പി. ഓഫീസ് മുതൽ കൈനാട്ടി വരെയുള്ള സർവീസ് റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് വടകര ഡിവലപ്മെൻ്റ് ഫോറം സായാഹ്നധർണ സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് 3.30-ന് പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന ധർണ കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർക്കറ്റ് റോഡ്, ജെ.ടി. റോഡ്, മെയിൻ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും ഒഴിവാക്കണമെന്നും ഭാരവാഹികളായ ഇ. നാരായണൻ നായർ, എ.പി. ഹരിദാസൻ, കെ.എൻ, വിനോദൻ, വി.പി. രമേശൻ, വിനോദ് ചെറിയത്ത് എന്നിവർ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















