കോഴിക്കോട്: ചെറിയ മഴ പെയ്താൽ പോലും കച്ചവടക്കാർക്കും യാത്രക്കാർക്കും കടുത്ത ദുരിതം സൃഷ്ടിച്ചിരുന്ന കെ.പി. കേശവമേനോൻ റോഡിലെ വെള്ളക്കെട്ടിന് ഭാഗിക പരിഹാരമായി. ടൗൺ പോലീസ് സ്റ്റേഷനും നഗരം വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്ന ഈ റോഡിലെ പ്രശ്നം പരിഹരിക്കാൻ നടത്തിയ പരിശോധനയിലാണ് റെയിൽവേ പാഴ്സൽ ഓഫീസിന് സമീപം ഓടയുടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണതായി കണ്ടെത്തിയത്. ഇതിൽ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് പൂർണമായും തടസ്സപ്പെട്ടതായിരുന്നു വെള്ളക്കെട്ടിന് പ്രധാന കാരണം.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണത്തൊഴിലാളികൾ കഷ്ടപ്പെട്ട് ഓടയിലിറങ്ങിയാണ് തകർന്ന സ്ലാബും കറുത്തു കൊഴുത്ത മാലിന്യങ്ങളും നീക്കം ചെയ്തത്. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമായതായി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ് അറിയിച്ചു. വലിയങ്ങാടി ജങ്ഷന് സമീപമുള്ള ഓടയുടെ ഏഴു സ്ലാബുകൾ മാറ്റി അവിടെയുള്ള മാലിന്യങ്ങളും നീക്കിയിട്ടുണ്ട്. ഇതോടെ ഈ പരിസരത്ത് ഇനി വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവിഭാഗം വിലയിരുത്തുന്നത്. എന്നാൽ, അടുത്ത മഴ പെയ്തു കഴിഞ്ഞാലേ വെള്ളക്കെട്ട് പൂർണമായി ഒഴിവായോ എന്ന് ഉറപ്പിച്ചു പറയാനാകൂ എന്നാണ് പ്രാദേശിക കച്ചവടക്കാരുടെ പക്ഷം.
നേരത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഓടകളിലെ മണ്ണും മാലിന്യവും നീക്കിയിരുന്നെങ്കിലും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ കൃത്യമായ ഇടപെടലിലൂടെയാണ് ഇപ്പോൾ താത്കാലിക ആശ്വാസമുണ്ടായിരിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. റിഷാദ്, ബിജു ജയറാം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദിജിൽ, സുജിത്ത് പി.പി. എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















