കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രധാന പ്രവൃത്തികൾ പോലും പൂർത്തിയാകാതെ മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് യാത്രാക്ലേശത്തിന് കാരണമാകുന്നു. ഏഴ് സിഗ്നലുകൾ, 21 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, മീഡിയനുകളിൽ ഓരോ 15 മീറ്റർ ഇടവിട്ട് 350 തെരുവുവിളക്കുകൾ എന്നിവയോടെ റോഡ് സജ്ജീകരിക്കുമെന്നായിരുന്നു മുൻപുള്ള പ്രഖ്യാപനം. എന്നാൽ നിലവിൽ മഴ തുടങ്ങിയതോടെ ഓവുചാൽ നിർമാണത്തിന് മാത്രമാണ് പ്രാഥമിക പരിഗണന നൽകുന്നത്. ഈ ഓവുചാൽ പൂർത്തിയാക്കി സ്ലാബിടാൻ തന്നെ ഇനിയും ഒരു മാസത്തിലധികം സമയമെടുക്കുമെന്നാണ് സൂചന. അതിനുശേഷമേ നടപ്പാതയുടെ പണികൾ ആരംഭിക്കാൻ കഴിയൂ.
മീഡിയനുകളുടെ അവസാനഘട്ട മിനുക്കുപണികൾ പലയിടത്തും ഇപ്പോഴും ബാക്കി കിടക്കുകയാണ്. ഈ പ്രവൃത്തികളെല്ലാം പൂർത്തിയായ ശേഷമേ സിഗ്നലുകളും തെരുവുവിളക്കുകളും സ്ഥാപിക്കുന്ന ഘട്ടത്തിലേക്ക് കടക്കൂ. സ്കൂൾ തുറക്കുന്നതോടെ റോഡ് പൂർണ സജ്ജമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, നവംബർ വരെ പ്രവൃത്തി പൂർത്തിയാക്കാൻ സമയമുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ വിശദീകരണം.
സിഗ്നൽ സംവിധാനം ഇല്ലാത്തത് നാലുവരിപ്പാതയായ സി.എച്ച്. മേൽപ്പാലം ജങ്ഷനിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കിഴക്കേ നടക്കാവ് മുതൽ മാനാഞ്ചിറ വരെയുള്ള ഭാഗം വൺവേ ആണെങ്കിലും മറ്റ് ഭാഗങ്ങളിൽ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത് വൻ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. ചില വാഹനങ്ങൾ വൺവേ നിയമങ്ങൾ തെറ്റിച്ചു വരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. മേഖലയിലെ ഗതാഗതം പൂർണമായും സുഗമമാകണമെങ്കിൽ സിഗ്നൽ ലൈറ്റുകൾ എത്രയും വേഗം സ്ഥാപിക്കേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















