കോഴിക്കോട് ജില്ലയിൽ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ, താമരശ്ശേരി ചുരത്തിലൂടെയുള്ള മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അപകടങ്ങൾ ഒഴിവാക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനുമായി രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ സി.കെ. കാസിം എം.എൽ.എ, കോഴിക്കോട്-വയനാട് ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഈ നിയന്ത്രണം തുടരുമെന്ന് കളക്ടർ അറിയിച്ചു. ഉത്തരവ് പ്രകാരം രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ എന്നിവയ്ക്ക് പകൽസമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതിയുണ്ടാകില്ല. ഭാരം കൂടിയ ഇത്തരം വാഹനങ്ങൾ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണം. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കർശന നടപടിയെടുക്കാൻ കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, യാത്രാദുരിതം ഒഴിവാക്കുന്നതിനായി അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ, ആംബുലൻസുകൾ, ഫയർഫോഴ്സ്, ദുരന്തനിവാരണ സേനകൾ, പോലീസ്, സായുധ സേനകൾ എന്നിവരുടെ വാഹനങ്ങൾക്കും പ്രത്യേക അനുമതിയുള്ള വാഹനങ്ങൾക്കും ചുരത്തിലൂടെ സർവീസ് നടത്താം. നിയന്ത്രണം കാര്യക്ഷമമാക്കാൻ ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരത്തും ലക്കിടിയിലും വയനാട് പോലീസുമായി സഹകരിച്ച് 24 മണിക്കൂറും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ, ചുരത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ വനംവകുപ്പിനും, റോഡിന്റെ അവസ്ഥ നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗത്തിനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















