തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പോലീസിന് ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് കേന്ദ്ര ഏജൻസി സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറി. റെയ്ഡ് നടക്കുമെന്ന കാര്യത്തിൽ വേണ്ടത്ര സമയമുണ്ടായിട്ടും ക്രമസമാധാനപാലനത്തിനായി പോലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെന്ന് റിപ്പോർട്ടിൽ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുന്നു.
റെയ്ഡ് വിവരം മുൻകൂട്ടി പൊലീസിനെ അറിയിച്ചില്ലെന്ന സംസ്ഥാന പോലീസിന്റെ വാദം സുരക്ഷയൊരുക്കാതിരിക്കാൻ മതിയായ കാരണമല്ലെന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ. സ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കുന്നതിൽ പോലീസ് പൂർണ്ണമായി പരാജയപ്പെട്ടു. ഇത്തരമൊരു അടിയന്തര സാഹചര്യമുണ്ടായിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ക്രമസമാധാനപാലനത്തിനുള്ള പ്രത്യേക ചുമതല തനിക്ക് നൽകിയിരുന്നില്ലെന്നാണ് സംഭവത്തിൽ ഡി.ഐ.ജി. നൽകുന്ന വിശദീകരണം. സിറ്റി പോലീസ് കമ്മീഷണറുടെ അഭാവത്തിൽ പകരം ചുമതല മറ്റാർക്കും കൈമാറിയിരുന്നില്ലെന്ന് ആഭ്യന്തര വകുപ്പിന് നൽകിയ വിശദീകരണക്കത്തിൽ പറയുന്നു.
അതേസമയം, ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന കർശന നിലപാടിലാണ് ഇ.ഡി. ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ നേതാക്കളുടെ പങ്ക് പ്രത്യേകം അന്വേഷിക്കണം. കേസിൽ നിലവിൽ പ്രതിചേർക്കപ്പെട്ടവരുടെ വീടുകൾ പ്രമുഖ നേതാക്കൾ സന്ദർശിക്കുന്ന സാഹചര്യമുണ്ട്. ഇതെല്ലാം അക്രമത്തിൽ നേതാക്കൾക്കുള്ള നേരിട്ടുള്ള പങ്കാണ് തെളിയിക്കുന്നതെന്ന് ഇ.ഡി ആരോപിക്കുന്നു. കൊച്ചി സോണൽ ഓഫീസ് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇ.ഡി ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ഡയറക്ടറേറ്റിൽ നിന്ന് പച്ചക്കൊടി ലഭിച്ചാൽ കേസിൽ നേരിട്ട് കക്ഷി ചേരാനാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന പോലീസ്. അക്രമത്തിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതികളെയും തിരിച്ചറിഞ്ഞിട്ടും ഒളിവിൽ പോയതിനാൽ പിടികൂടാനാകാതെ വന്നതോടെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസിലേക്ക് കടക്കുന്നത്. പ്രതികളെ കണ്ടെത്താനായി തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് പ്രത്യേക പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















