ചട്ടഞ്ചാൽ : സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി ഗുളികകൾ വിതരണം ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ മേൽപ്പറമ്പ് പോലീസ് പിടികൂടി. യു.പി.യിലെ അംറോമ്പ ദ്വാർസി സ്വദേശിയായ മൊഹ്‌ദ് നസീർ (19) ആണ് മേൽപ്പറമ്പ് എസ്.ഐ. പി.കെ. അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. കളനാട്ടെ ഒരു സലൂൺ കടയിൽ ജീവനക്കാരനായ ഇയാൾ പതിനാലുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് ലഹരി ഗുളികകൾ കൈമാറുന്നതിനിടയിലാണ് പിടിയിലാകുന്നത്.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാർക്കോ ഹണ്ട് ഓപ്പറേഷൻ 'തൂഫാൻ്റെ' ഭാഗമായി തിങ്കളാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ വലയിലായത്. കളനാട്ടെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ കിഴക്കേ ഗേറ്റിന് സമീപം വെച്ച് സംശയാസ്പദമായ രീതിയിൽ തിളക്കമുള്ള ഒരു വസ്തു കുട്ടിക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം ഉടൻ തന്നെ ഇരുവരെയും വളയുകയായിരുന്നു. വെളുപ്പും ചുവപ്പും നിറത്തിലുള്ള മൂന്ന് ഗുളികകൾ അടങ്ങിയ സ്ട്രിപ്പാണ് കുട്ടിക്ക് നൽകിയിരുന്നത്. കടുത്ത ലഹരിയുളവാക്കുന്നതും മാനസിക അസുഖങ്ങൾക്ക് ഡോക്‌ടറുടെ കൃത്യമായ കുറിപ്പടിയോടെ മാത്രം നൽകുന്നതുമായ വീര്യമേറിയ ഗുളികകളാണിതെന്ന് പോലീസ് വ്യക്തമാക്കി.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മൊഹ്ദിന്റെ പാന്റ്സിന്റെ കീശയിൽനിന്ന് ഇതേ ഗുളികകളുടെ എട്ട് സ്ട്രിപ്പുകൾ കൂടി പോലീസ് സംഘം കണ്ടെടുത്തു. റെയ്ഡിൽ ജൂനിയർ എസ്.ഐ. ഷൈജു, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ. ഗോവിന്ദൻ, സജിത്ത് എന്നിവരും പങ്കെടുത്തു. ലഹരി ഗുളികകൾ വാങ്ങാനെത്തിയ കുട്ടിയെ പിന്നീട് ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. ജുവൈനൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്‌ട് ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ മൊഹ്ദിനെ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















