കാക്കനാട് : വീടുകളിൽ നിന്ന് കൃത്യമായി മാലിന്യം ശേഖരിക്കാത്തതിൽ പ്രതിഷേധിച്ച് തൃക്കാക്കര നഗരസഭാ കവാടത്തിന് മുന്നിൽ വീട്ടുടമസ്ഥൻ മാലിന്യം തള്ളി പ്രതിഷേധിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു നഗരസഭയെ പിടിച്ചുലച്ച ഈ സംഭവം അരങ്ങേറിയത്. നഗരസഭയിലെ മുപ്പത്തിയെട്ടാം ഡിവിഷനായ എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് പ്രദേശത്തെ താമസക്കാരനായ സുനിലാണ് വീട്ടിലെ ഭക്ഷണമാലിന്യം ബക്കറ്റിലാക്കി നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ നിക്ഷേപിച്ച് തന്റെ അമർഷം രേഖപ്പെടുത്തിയത്.
പ്രധാന റോഡിൽ നിന്നും താഴേക്ക് കുത്തനെയുള്ള ഇറക്കത്തിലാണ് സുനിലിന്റെയും പ്രദേശത്തെ മറ്റു ചിലരുടെയും വീടുകൾ സ്ഥിതി ചെയ്യുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന തനിക്ക് ഈ കുത്തനെയുള്ള വഴിയിലൂടെ മാലിന്യം മുകളിലെ പ്രധാന റോഡിൽ എത്തിക്കാൻ കഴിയില്ലെന്ന് സുനിൽ ഡിവിഷൻ കൗൺസിലർ ഐഷ സുബൈറിനെ അറിയിച്ചിരുന്നു. കൗൺസിലർ പ്രത്യേകമായി നിർദേശിച്ചിട്ടും ഹരിതകർമസേനാംഗങ്ങൾ ഈ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ തയ്യാറായില്ലെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. എന്നാൽ തങ്ങളുടെ വാഹനം താഴേക്കിറക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിതകർമസേനാംഗങ്ങൾ.
ഇതിൽ പ്രതിഷേധിച്ചാണ് സുനിൽ മാലിന്യവുമായി നേരിട്ട് നഗരസഭയിലെത്തിയത്.
സംഭവം വൻ വിവാദമായതോടെ തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി ഹരിതകർമസേനയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് കുത്തനെയുള്ള ഇറക്കത്തിലെ വീടുകളിലെ മാലിന്യം മുകളിൽ എത്തിക്കാൻ സുനിലിനോട് നിർദേശിച്ചതെന്ന് ഹരിതകർമസേനാംഗങ്ങൾ യോഗത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ചു. എന്നാൽ, തൊട്ടടുത്ത ദിവസം മുതൽ ഈ വീടുകളിൽ നേരിട്ടെത്തി തന്നെ മാലിന്യം ശേഖരിക്കാമെന്ന് ഹരിതകർമസേനാംഗങ്ങൾ നഗരസഭാ അധികൃതർക്ക് ഉറപ്പുനൽകിയതോടെയാണ് നിലനിന്നിരുന്ന തർക്കത്തിന് താൽക്കാലിക പരിഹാരമായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















