കൊച്ചി: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കേരളത്തിലെ മെഡിക്കൽ കോളേജുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിലനിൽക്കുന്നത് 'അമ്മായിയമ്മ സിൻഡ്രം' ആണെന്ന് കോടതി വാക്കാൽ പരാമർശിച്ചു. 'ഞങ്ങൾ വിദ്യാർത്ഥികളായിരുന്നപ്പോൾ അധ്യാപകർ പീഡിപ്പിച്ചു, അതിനാൽ ഞങ്ങൾ അധ്യാപകരാകുമ്പോൾ വിദ്യാർത്ഥികളെയും പീഡിപ്പിക്കും' എന്ന തരത്തിലുള്ള അധ്യാപകരുടെ മാനസികാവസ്ഥയാണ് ഇതിന് പിന്നിലെന്നും കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ, പി.ജി വിദ്യാർത്ഥികളോട് ഉൾപ്പെടെ കോളേജുകൾ മനുഷ്യത്വരഹിതവും ക്രൂരവുമായ സമീപനമാണ് പുലർത്തുന്നതെന്നും ഇത് വിദ്യാർത്ഥികളുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. മെഡിക്കൽ കോളേജുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് പുറംലോകം അറിയുന്നില്ല. ഇന്റേണൽ മാർക്കിന്റെ പേരിൽ ഉൾപ്പെടെ വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇത് അതീവ ഗൗരവമുള്ള കാര്യമാണെന്നും കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഒരു പ്രത്യേക കമ്മീഷനെ നിയോഗിച്ച് മെഡിക്കൽ കോളേജുകളിലെ അവസ്ഥയെക്കുറിച്ച് രഹസ്യ സ്വഭാവത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിദ്യാർത്ഥികളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ശേഖരിച്ച് കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങൾ. ഹർജിയിൽ അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും വാദം കേൾക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















