വിഴിഞ്ഞം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, പുതിയ മത്സ്യബന്ധന സീസണിനായി വിഴിഞ്ഞം തുറമുഖം ഒരുങ്ങി. ജൂലൈ 31 വരെ നീളുന്ന നിരോധന കാലയളവിൽ പരമ്പരാഗത തൊഴിലാളികൾക്ക് കൂടുതൽ മീൻപിടിക്കാൻ അവസരമൊരുങ്ങുന്നതിനാൽ, ജില്ലയിലെ വിവിധ മത്സ്യഗ്രാമങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വള്ളങ്ങളും തൊഴിലാളികളും ഇതിനകം തന്നെ വിഴിഞ്ഞത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. വലിയവേളി മുതൽ തമിഴ്‌നാട് അതിർത്തി വരെയുള്ള പൊഴിയൂർ, പൂവാർ, പുതിയതുറ, അടിമലത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, ശംഖുംമുഖം തുടങ്ങിയ തീരപ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ഇവിടെ കേന്ദ്രീകരിക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്കായി വിഴിഞ്ഞം ഹാർബറിൽ വള്ളങ്ങൾ ഒതുക്കാനുള്ള സൗകര്യവും സുരക്ഷയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ സജ്ജമാക്കും. ആദ്യഘട്ടമായി കുടിവെള്ളം, ശൗചാലയം, വെളിച്ചം എന്നിവയും അടിയന്തര സഹായങ്ങൾക്കുള്ള സാങ്കേതിക സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊഴിയൂർ മുതൽ ഇടവ വരെയുള്ള തീരമേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് വിഴിഞ്ഞം അസിസ്റ്റന്റ് ഫിഷറീസ് ഡയറക്‌ടർ എസ്. രാജേഷ് നേതൃത്വം നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ സ്റ്റേഷൻ, മറൈൻ എൻഫോഴ്സസ്മെന്റ് എന്നിവയ്ക്ക് പുറമെ മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി 'ദർശന', 'ആഴിമല ശിവൻ' എന്നീ ട്രോളർ ബോട്ടുകളും വേഗതയേറിയ സ്പീഡ് വള്ളങ്ങളും 42 ലൈഫ് ഗാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.
തീരദേശ സുരക്ഷ ഉറപ്പാക്കാൻ കോസ്റ്റൽ പോലീസ്, വിഴിഞ്ഞം പോലീസ്, മറൈൻ എൻഫോഴ്‌സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായാണ് പ്രവർത്തിക്കുക. ഇതിനായി വിഴിഞ്ഞത്ത് പ്രതിദിനം 35 പോലീസുകാരെ നിയോഗിക്കും. കടലിൽ പോകുന്ന തൊഴിലാളികൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കണമെന്നും തിരിച്ചറിയൽ രേഖകൾ കരുതണമെന്നും നിർദ്ദേശമുണ്ട്. ലൈറ്റ് ഫിഷിങ്, നിരോധിത വലകൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ സീസൺ കനത്ത സുരക്ഷാ നിയന്ത്രണങ്ങളോടെയായിരിക്കും നടക്കുകയെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ കെ.ബി. മനോജ് കുമാർ, കോസ്റ്റൽ എസ്.എച്ച്.ഒ. ബാബുകുറുപ്പ് എന്നിവർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















