തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ നയപ്രഖ്യാപനത്തോടെ തുടക്കമായി. ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെ, ലോകഭവന്റെ നിർദ്ദേശം തള്ളി വന്ദേമാതരം മുഴുവൻ ആലപിക്കാതെ ആദ്യ രണ്ട് സ്റ്റാൻസയുടെ ബാന്റ് വാദ്യം മാത്രം കേരള പോലീസ് വായിച്ചത് സഭയിൽ ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന വൻ പദ്ധതികളാണ് സഭയിൽ അവതരിപ്പിച്ചത്.
ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തുമെന്നതാണ് നയപ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനം. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കും. കൂടാതെ, 'പ്രൊജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി'യുടെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവാവധി അനുവദിക്കുമെന്നും കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ നൽകുമെന്നും പ്രഖ്യാപനമുണ്ട്. വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധിയും സർക്കാർ വാഗ്ദാനം ചെയ്യുന്നു.
കർഷകർക്ക് വ്യവസ്ഥകളില്ലാതെ പട്ടയം ഉറപ്പാക്കാനും കൃഷിച്ചെലവ് കുറയ്ക്കാനുമുള്ള നടപടികൾ സ്വീകരിക്കും. യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ നൽകും. ലഹരിക്കെതിരെ 'സീറോ ടോളറൻസ് ടു ഡ്രഗ്സ്' നയം നടപ്പാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരം കൊണ്ടുവരും. എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും, ആഗോള നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും 'സെമസ്റ്റർ ഇൻ കേരള' അക്കാദമിക് ടൂറിസം പദ്ധതിയും ജവഹർലാൽ നെഹ്റു സയന്റിഫിക് സെന്ററും ആരംഭിക്കുമെന്നും ഗവർണർ അറിയിച്ചു.
കേരളത്തെ അന്താരാഷ്ട്ര ചലച്ചിത്ര ചിത്രീകരണ കേന്ദ്രമാക്കാൻ സമഗ്ര സിനിമാ നയം രൂപീകരിക്കുകയും അത്യാധുനിക മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്ബും വികസിപ്പിക്കുകയും ചെയ്യും. 60 വയസ്സ് കഴിഞ്ഞ സാംസ്കാരിക പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ ഇൻഷൂറൻസും ഉറപ്പാക്കും. വന്യജീവി ആക്രമണം തടയാൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. വിപണി ഇടപെടലിനായി മൊബൈൽ മാവേലി സ്റ്റോറുകൾ വിപുലീകരിക്കും. പൊതുഭൂമി സംരക്ഷിക്കാനും വ്യവസായ വളർച്ച ഉറപ്പാക്കാനും പുതിയ ലാൻഡ് കമ്മീഷനെ നിയോഗിക്കുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ റോഡുകളും ഘട്ടങ്ങളായി ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















_h_small.jpg)

