കോഴിക്കോട് : ബക്രീദ് ആഘോഷങ്ങളും മധ്യവേനൽ അവധിക്കാലത്തിന്റെ അവസാന ദിനങ്ങളും ഒരേസമയം എത്തിയതോടെ മലബാറിലൂടെ കടന്നുപോകുന്ന തീവണ്ടികളിൽ യാത്രാക്ലേശം അതിരൂക്ഷമാകുന്നു. കഴിഞ്ഞദിവസം വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ നാഗർകോവിൽ - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളെല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു. ജനറൽ കോച്ചുകളിൽ മാത്രമല്ല, റിസർവേഷൻ ബോഗികളിൽ പോലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രണാതീതമായതോടെ പല ട്രെയിനുകളിലും വാതിൽപ്പടിയിൽ വരെ തൂങ്ങിക്കിടന്നാണ് യാത്രക്കാർ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നത്.
വൈകീട്ട് നാലുമണിയോടെ സർവീസ് നടത്തുന്ന എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലും സമാനമായ രീതിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോഴിക്കോട് വഴിയുള്ള ട്രെയിനുകളിലെല്ലാം കഴിഞ്ഞ കുറച്ചു മാസങ്ങളായി തിരക്ക് കൂടുതലാണെങ്കിലും, അവധിക്കാലം അവസാനിക്കുന്ന ഈ ആഴ്ചയിൽ അത് ക്രമാതീതമായി വർധിച്ചതായി സ്റ്റേഷൻ അധികൃതർ വ്യക്തമാക്കുന്നു. വൈകീട്ട് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനുകളിൽ പല ദിവസങ്ങളിലും കാൽവെക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ മാത്രമാണ് ചില ദിവസങ്ങളിലെങ്കിലും അല്പമെങ്കിലും സീറ്റുകൾ ഒഴിവുണ്ടാകാറുള്ളത്.
അവധിക്കാലം കഴിഞ്ഞ് നഗരങ്ങളിലേക്ക് മടങ്ങുന്ന കുടുംബങ്ങളും പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലെത്തിയവരും ഒരുമിച്ച് യാത്ര തിരിഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളിലും തിരക്ക് ഇതേപടി തുടരാനാണ് സാധ്യതയെന്ന് റെയിൽവേ അധികൃതർ സൂചിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രക്കാർ പൂർണ്ണമായും റെയിൽവേയെ ആശ്രയിക്കുന്നതും ട്രെയിനുകളിലെ തിരക്ക് വർധിക്കാൻ ഇടയാക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















