താമരശ്ശേരി : താമരശ്ശേരി ചുരം എട്ടാംവളവിനു സമീപം ചൊവ്വാഴ്ച രാവിലെ നിയന്ത്രണം നഷ്ടമായ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നിന്ന് സാരമായ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട പുൽപ്പള്ളി കബിനിഗിരി സീതാഭവനിൽ വിഷ്ണുവിന്റെ വാക്കുകളിൽ ഇപ്പോഴും അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. എട്ടാംവളവിലെ കനത്ത ബ്ലോക്കിൽ ഒരു കാറിന് പിറകിൽ വരിയായി നിൽക്കുമ്പോഴാണ് ലോറി വിഷ്ണുവിന്റെ ബൈക്കിന് പിറകിലിടിക്കുന്നത്. മുന്നോട്ട് നോക്കി നിന്നിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ലെന്നും ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞുവെന്നും വിഷ്ണു പറയുന്നു. ലോറിയിടിച്ചതിന്റെ ആഘാതത്തിൽ മുൻപിലെ കാറിന്റെ ഡിക്കിക്കു മുകളിലൂടെ റോഡിന് അപ്പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിൽ ഹെൽമറ്റും പുറത്ത് നല്ല കനമുള്ള ബാഗും ഉണ്ടായിരുന്നതാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടാൻ കാരണമായത്.
എന്തോ ഒരു മഹാഭാഗ്യം കൊണ്ടാണ് ലോറിക്കും കാറിനും ഇടയിൽ പെട്ടുപോകാതിരുന്നതെന്നും വീണുകഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായതെന്നും വിഷ്ണു ഓർത്തെടുത്തു. അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ട മറ്റൊരു ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് വിഷ്ണുവിനെ എഴുന്നേൽക്കാനും റോഡിൽ ചിതറിപ്പോയ സാധനങ്ങൾ എടുത്തുനൽകാനും സഹായിച്ചത്. വലിയൊരു അഭിമുഖത്തിന് ശേഷം മലപ്പുറം ടൗണിലെ ഒരു മരുന്നു വിതരണ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ലഭിച്ച വിഷ്ണു പുതിയ ജോലിയിൽ പ്രവേശിക്കാൻ പോയ ആദ്യ ദിവസമായിരുന്നു ഈ വൻ അപകടം സംഭവിച്ചത്. രാവിലെ ഒമ്പത് മണിക്ക് മലപ്പുറത്ത് എത്തുന്നതിനായി പുലർച്ചെ അഞ്ചരയ്ക്ക് തന്നെ വീട്ടിൽ നിന്നും ബൈക്കുമായി ഇറങ്ങിയതായിരുന്നു വിഷ്ണു. അപകടം നടന്ന ഉടൻ തന്നെ വിവരം കമ്പനി അധികൃതരെ വിളിച്ചറിയിച്ചു.
അപകടത്തിൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ആശിച്ച് മോഹിച്ച് വാങ്ങിയ സെക്കൻഡ് ഹാൻഡ് ബൈക്ക് പൂർണ്ണമായും തകർന്നുപോയതിന്റെ വിഷമത്തിലാണ് ഈ ഇരുപത്തിനാലുകാരൻ. മുൻപിലുണ്ടായിരുന്ന കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നാട്ടുക്കാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേരാണ് വിഷ്ണുവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നത്. ആകാംക്ഷയോടെയുള്ള അന്വേഷണങ്ങൾ കാരണം ഫോൺ താഴെ വെക്കാൻ പോലും സമയമില്ലാത്ത അവസ്ഥയിലാണിപ്പോൾ ഈ യുവാവ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















