തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് പുതിയ 'പ്രൊജക്ട് സീറോ' കര്‍മപദ്ധതിക്ക് തുടക്കം കുറിച്ചു. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് ഇനി മുതൽ നേരിട്ട് വിവരങ്ങൾ അറിയിക്കാമെന്നും, അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിവരങ്ങൾ കൈമാറുന്ന ജനങ്ങളുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, തെറ്റുകാരായ ഉദ്യോഗസ്ഥരെ വിജിലൻസ് കർശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിൽ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല, മറിച്ച് ജനങ്ങളുടെ അവകാശമാണെന്ന് ഓർമ്മിപ്പിച്ച മന്ത്രി, പണം കൊടുത്ത് കാര്യം നടത്തുന്ന നിലപാട് പൊതുജനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പാവപ്പെട്ടവർക്ക് പണം നൽകാതെ തന്നെ ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കണം. നിലവിൽ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയുള്ള അഴിമതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അതിനെക്കൂടി ഫലപ്രദമായി നേരിടാൻ ഈ പദ്ധതിയിലൂടെ സാധിക്കും. അഴിമതി പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ പിന്തുണയും ബോധവൽക്കരണവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വിജിലൻസ് മാന്വൽ അടിയന്തരമായി പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. വിജിലൻസ് മേധാവി തയ്യാറാക്കിയ മാന്വൽ പരിഷ്കരണത്തിന്റെ കരട് രൂപം പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കും. അഴിമതി നിരോധന നിയമത്തിലെ ചില ഭേദഗതികൾ നടപടികൾ ദുഷ്കരമാക്കുന്നുണ്ടെന്നും അതിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുകളിൽ ഉണ്ടാകുന്ന കാലതാമസം കുറച്ച്, അഴിമതിക്കേസുകൾ വേഗത്തിൽ തീർപ്പാക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
വിജിലൻസിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകുമെന്നും, മുൻപ് താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ലെന്നും നല്ലൊരു ശതമാനവും മികച്ച രീതിയിൽ ജോലി ചെയ്യുന്നവരാണെന്നും വ്യക്തമാക്കിയ മന്ത്രി, അഴിമതിക്കാരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഉറപ്പുനൽകി. വരും ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസിന്റെ മിന്നൽ പരിശോധനകൾ തുടരുമെന്നും, ഓഫീസുകളിലെ ഇടനിലക്കാരെ കർശനമായി പിടികൂടുമെന്നും മറ്റ് വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















